തെന്നിന്ത്യയുടെ പ്രിയതാരമാണ് രജനികാന്ത്. ഒരു ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ താരമായി മാറിയ രജനികാന്ത് ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി മേക്ക് ഓവര്‍ ചെയ്യാറുണ്ട്. എന്നാല്‍ പൊതു വേദിയിലും മറ്റും പ്രത്യക്ഷപ്പെടുമ്പോള്‍ യാതൊരു മേക്കപ്പ് ഇല്ലാതെ വെളുത്ത മുടിയും കഷണ്ടിയും ആയി ലളിതമായ വേഷത്തിലാണ് താരം എത്തുന്നത്. എന്നാല്‍ തന്റെ രൂപംകൊണ്ട് പലപ്പോഴും പരിഹാസത്തിനു ഇരയായിട്ടുണ്ടെന്ന് രജനി പറയുന്നു. എന്തിരന് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടത്തിയ പ്രസംഗത്തില്‍ തനിക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന കഥ രസകരമായി രജനി തന്നെ പറയുന്ന വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നു.
ആ ഷോയില്‍ രജനി പറയുന്നതിങ്ങനെ…
ബെംഗളൂരുവിലുള്ള എന്റെ സഹോദരന്റെ വീട്ടില്‍ ഞാന്‍ ഈയിടെ പോയിരുന്നു. അവിടെ തൊട്ടടുത്ത് വാടകയ്ക്ക് ഒരാള്‍ താമസിച്ചിരുന്നു. അയാള്‍ എന്നെ കാണാന്‍ വന്നിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു, അയാളുടെ പേര് നന്ദുലാല്‍ എന്നായിരുന്നു. അറുപത് വയസ്സിലേറെ അയാള്‍ക്ക് പ്രായമുണ്ടായിരുന്നു. അയാള്‍ എന്നോട് ചോദിച്ചു, ‘ഈ തലമുടിക്ക് എന്ത് സംഭവിച്ചു?’. ഞാന്‍ പറഞ്ഞു, ‘അതെല്ലാം പോയി, അത് വിട്ടുകളയൂ.’
അയാള്‍; നിങ്ങള്‍ ജോലിയില്‍ നിന്ന് വിരമിച്ചുവോ?
ഞാന്‍; ഞാന്‍ സിനിമയിലാണ് ജോലി ചെയ്യുന്നത്
അയാള്‍; സത്യം! ഏത് സിനിമയില്‍?
ഞാന്‍; റോബോട്ട്, ഐശ്വര്യ റായിയാണ് നായിക?
അയാള്‍; അപ്പോള്‍ ആരാണ് നായകന്?
ഞാന്‍; ഞാന്‍ തന്നെ
അയാള്‍; നിങ്ങളോ? (പരിഹാസത്തോടെ)
അയാളുടെ മക്കള്‍ അപ്പോള്‍ പറഞ്ഞു, രജനികാന്ത് ഇപ്പോഴും നായകനായാണ് അഭിനയിക്കുന്നത്. അയാള്‍ എന്നെ തുറിച്ചു നോക്കി. പിന്നീട് അയാള്‍ കുറച്ച് മാറി ആരോടൊക്കെയോ സംസാരിക്കുന്നത് ഞാന്‍ കേട്ടു, ‘തലയില്‍ മുടിയില്ല, നല്ല പ്രായമുണ്ട്, ഐശ്വര്യയാണത്രേ നായിക. അതും ഇയാള്‍ക്കൊപ്പം. ഈ ഐശ്വര്യാ റായിക്ക് ഇതെന്ത് സംഭവിച്ചു? അമിതാഭ് ബച്ചന് എന്ത് സംഭവിച്ചു? അഭിഷേക് ബച്ചന് എന്ത് സംഭവിച്ചു?.’ അയാള്‍ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു.
എന്തായാലും പ്രിയപ്പെട്ട ഐശ്വര്യാ ജീ, എന്റെ നായികയായി അഭിനയിക്കാന്‍ സമ്മതിച്ചതിന് ഒരുപാട് നന്ദിയുണ്ട്- രജനി പറഞ്ഞു.
Post Your Comments