ഉര്‍വശി എന്ന നടിയ്ക്ക് അഭിനയത്തിന്റെ അത്ഭുതം സമ്മാനിക്കാന്‍ നായിക കഥാപാത്രം വേണമെന്നൊന്നുമില്ല. ഉര്‍വശിയുടെ അഭിനയ ജീവിതത്തില്‍ ആനന്ദവല്ലി എന്ന തമിഴ് കഥാപാത്രം മലയാളത്തിന്റെ ഹിറ്റ് നായികയ്ക്ക് സമ്മാനിച്ചത് മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരമായിരുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്തു രഘുനാഥ് പലേരി രചന നിര്‍വഹിച്ച ‘മഴവില്‍ക്കാവടി’ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും അന്ന് അങ്ങനെയൊരു കഥാപാത്രം സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ഉര്‍വശി.
‘മഴവില്‍ക്കാവടി’യില്‍ എനിക്ക് ചെറിയൊരു വേഷമായിരുന്നു. ആദ്യം ഞാന്‍ ആ സിനിമയിലെ നായികയായിരുന്നു. പക്ഷെ അത് ‘വര്‍ത്തമാനകാലം’ എന്ന സിനിമയുടെ ഡേറ്റുമായി ക്ലാഷ് ആയപ്പോള്‍ സത്യേട്ടന് പറഞ്ഞു, “ഉര്‍വശി ഇങ്ങനെ ഒരു കഥാപാത്രമുണ്ട്. നാലഞ്ച് സീന്‍ മാത്രേ ഉണ്ടാകുള്ളൂ. ഒരു പാട്ട് ഉണ്ടാകും, ബുദ്ധിമുട്ടുണ്ടോ?” എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ബുദ്ധിമുട്ടൊന്നുമില്ല. പിന്നീട് സിനിമയുടെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ആ കഥാപാത്രം കുറച്ചു കൂടി വലുതായി. ഒരു സ്റ്റേറ്റ് അവാര്‍ഡിന് വേണ്ടി ആ റോള്‍ പരിഗണിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല. ‘മഴവില്‍ക്കാവടി’യില്‍ നായികയായി അഭിനയിച്ചിരുന്നുവെങ്കില്‍ അങ്ങനെയൊരു അംഗീകാരം എനിക്ക് ലഭിക്കുമായിരുന്നില്ല. ‘മഴവില്‍ക്കാവടി’യും ‘വര്‍ത്തമാനകാല’വുമായിരുന്നു ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടാന്‍ പരിഗണനയില്‍ വന്ന സിനിമകള്‍’. ഉര്‍വശി പറയുന്നു.
Post Your Comments