മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ വൈറ്റമിൻ സി, കോവിഡിനെ പ്രതിരോധിക്കുമെന്നു കഴിഞ്ഞ ദിവസം ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു. അതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ശ്രീനിവാസൻ രംഗത്ത്. ആരോഗ്യരംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് പങ്കുവച്ചതെന്നും അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആ രംഗത്ത് പ്രവർത്തിക്കുന്നവരാണെന്നും ശ്രീനിവാസൻ പറഞ്ഞു. ഡോക്ടര്‍ ജിനേഷ് ഇത്തരം ഒരു പ്രചാരണം നടത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.
”ഈ രംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് ഞാൻ പങ്കുവെച്ചത്.അവരിൽ ചിലരെ എനിക്കു നേരിട്ടറിയാം. മറ്റു ചിലരെ വായനയിലൂടെയും.അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആരംഗത്ത് പ്രവർത്തിക്കുന്നവരാണ്. ഞാൻ ആരോഗ്യ രംഗത്ത് ഗവേഷണം നടത്തിയ ആളല്ല. ഇത് കേരളത്തിലെ ചികിത്സാരീതിയെക്കുറിച്ചോ ഇപ്പോൾ നടപ്പാക്കുന്ന ആരോഗ്യപ്രവർത്തനങ്ങളെകുറിച്ചോ ഉള്ള വിമർശനവുമല്ല” ശ്രീനിവാസൻ പറഞ്ഞു.
അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയുടേയും ഡോക്ടർമാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് താനെന്നും ഇപ്പോഴത്തെ നടത്തിപ്പിൽ എന്തെങ്കിലും പാകപ്പിഴയുണ്ടെന്നു തോന്നിയാൽ അക്കാര്യം തുറന്നു പറയാൻ മടിയുമില്ലെന്നും താരം പങ്കുവച്ചു. ” ചില പുതിയ ചിന്തകൾ ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്. അത് ഉടൻ നടപ്പാക്കേണ്ട കാര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. രോഗങ്ങൾക്ക് ചികിത്സ നിശ്ചയിക്കേണ്ടത് ആ രംഗത്തുള്ളവർതന്നെയാണ്. വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാൽ അതു തുറന്നു പറയും,” ശ്രീനിവാസൻ വ്യക്തമാക്കി.
Post Your Comments