തൊട്ടപ്പനിലെ സാറയായി കൊച്ചി ഭാഷയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് പ്രിയംവദ. ദീലിപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന തട്ടാശ്ശേരിക്കൂട്ടത്തിലെ നായികയാണ് പ്രിയംവദ. കൂടാതെ ബംഗാളി-മലയാളം മിക്‌സ് സിനിമയായ ‘ഇടി മഴ കാറ്റ്?’ എന്ന സിനിമയില്‍ പോലീസ് വേഷത്തിലും പ്രിയംവദ എത്തുന്നുണ്ട്. തനിക്ക് ബംഗാളി ഭാഷ നന്നായി അറിയാമെന്നും അതിനു കാരണം അമ്മയാണെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.
”ബംഗാളി ഭാഷ നന്നായി അറിയാവുന്ന ഒരാളാണ് ഞാന്‍. കാരണം അമ്മ ബംഗാളിയാണ്. ഞങ്ങള്‍ പരസ്പരം ബംഗാളിയിലാണ് സംസാരിക്കുന്നത്. അച്ഛന്‍ കെ.കെ. ഗോപാലകൃഷ്ണന്‍ മലയാളിയാണ്. തൃശ്ശൂര്‍ പൂങ്കുന്നത്താണ് ഇപ്പോള്‍ താമസിക്കുന്നത്. ”
സിനിമ കൂടാതെ മോഡലിങ്ങും ഇഷ്ടമായ പ്രിയംവദ 2019-ലെ മിസ് റെയ്ന ഇന്റര്‍ കോണ്‍ണ്ടിനന്റല്‍ ഇന്ത്യ മത്സരത്തിലെ വിജയിയായിരുന്നു. അമ്മ പല്ലവി കൃഷ്ണന്‍ നര്‍ത്തകിയാണ്.” ഒരുപാട് കൊതിച്ച് നേടിയ സ്വപ്നമാണ് സിനിമ. ഒരു നടി എന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ആളുകള്‍ എങ്ങനെ നോക്കിക്കാണുന്നു, അവര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. മലയാള സിനിമയില്‍ ഒരുപാട് പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ അരങ്ങേറാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.” താരം പറയുന്നു.
Post Your Comments