CinemaGeneralMollywoodNEWS

ആ സൂപ്പര്‍ ഹിറ്റ് സിനിമയില്‍ മോഹന്‍ലാലിന് പകരം ജയറാം അഭിനയിച്ചു, മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്ന സിനിമയ്ക്ക് സംഭവിച്ച വഴിത്തിരിവ്

പാസഞ്ചര്‍ ബസ് മുഖ്യ പ്രമേയമായി വന്നതിനാല്‍ രഞ്ജിത്ത് തന്റെ സിനിമയുടെ ത്രെഡ് മറ്റൊരു രീതിയില്‍ മാറ്റി എഴുതുകയായിരുന്നു

ആക്ഷന്‍ സിനിമകള്‍ക്ക് മുന്‍പ് രഞ്ജിത്ത് എന്ന സ്ക്രീന്‍ റൈറ്റര്‍ തമാശ സിനിമകള്‍ എഴുതികൊണ്ടായിരുന്നു ആദ്യ കാലങ്ങളില്‍ സിനിമയില്‍ നിറഞ്ഞു നിന്നത്. ‘കാലാള്‍പ്പട’ പോലെയുള്ള സസ്പന്‍സ് ചിത്രങ്ങളും ‘പ്രാദേശിക വാര്‍ത്തകള്‍’ പോലെയുള്ള തമാശ സിനിമകളും എഴുതി കൊണ്ട്  മലയാള സിനിമയില്‍ ഹിറ്റ് തിരക്കഥാകൃത്തെന്ന നിലയില്‍ പേരെടുത്ത രഞ്ജിത്ത് എന്ന സ്ക്രീന്‍ റൈറ്ററുടെ വാല്യൂ ഉയര്‍ത്തിയ സിനിമയായിരുന്നു 1989-ല്‍ പുറത്തിറങ്ങിയ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’.

ജയറാം – പാര്‍വതി തുടങ്ങിയവര്‍ ജോഡികളായി അഭിനയിച്ച ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെ അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളായിരുന്നു സിനിമയിലെ ഏറ്റവും പ്രധാന ആകര്‍ഷണം!. സിനിമ ഇറങ്ങും മുന്‍പേ മോഹന്‍ലാല്‍ ചിത്രത്തിലുണ്ടാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ പരസ്യമാക്കാതിരുന്നത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് വലിയ രീതിയില്‍ ഗുണം ചെയ്തു. എന്നാല്‍ ഈ സിനിമ ആദ്യം പ്ലാന്‍ ചെയ്തത് മോഹന്‍ലാലിനെ ഹീറോയാക്കി കൊണ്ടായിരുന്നു. ബസ് ക്ലീനറുടെ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാനിരുന്ന ചിത്രം അപ്രതീക്ഷിതമായി വഴിതിരിയുകയായിരുന്നു. രഞ്ജിത്ത് ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന സിനിമയുടെ കഥ തയ്യാറാക്കിയപ്പോള്‍ ഒരു പ്രൈവറ്റ് ബസിനെ ചുറ്റിപറ്റിയുള്ള പ്രണയ കഥയായിരുന്നു സിനിമയുടെ പ്രധാന ഇതിവൃത്തം.

പേര് കേട്ട തറവാട്ടിലെ നാല് സഹോദരങ്ങള്‍ക്കും കൂടിയുള്ള ഒരേയൊരു സഹോദരിയെ അവരുടെ തന്നെ ബസിലെ ക്ലീനറായ ചെറുപ്പക്കാരന്‍ പ്രണയിക്കുന്നു ഇതായിരുന്നു സിനിമയുടെ ആദ്യ പ്രമേയം. പക്ഷെ നിര്‍ഭാഗ്യവശാല്‍ രഞ്ജിത്തിന് ഇതിന്റെ ത്രെഡ് മാറ്റി എഴുതേണ്ടി വരികയായിരുന്നു. ആ സമയത്തായിരുന്നു ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ടീം മോഹന്‍ലാലിനെവച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തത്. ബസ് കേന്ദ്രീകൃതമായ കഥ പറഞ്ഞ ആ സിനിമയാണ് പിന്നീട് ‘വരവേല്‍പ്പ്’ എന്ന പേരില്‍ സൂപ്പര്‍ ഹിറ്റായത്. രണ്ട് സിനിമകളുടെയും പശ്ചാത്തലത്തില്‍ ‘പാസഞ്ചര്‍ ബസ്’ മുഖ്യ പ്രമേയമായി വന്നതിനാല്‍ രഞ്ജിത്ത് തന്റെ സിനിമയുടെ ത്രെഡ് മറ്റൊരു രീതിയില്‍ മാറ്റി എഴുതുകയായിരുന്നു. ബസ് എന്നത് സ്കൂള്‍ ആക്കുകയും, മോഹന്‍ലാല്‍ ചെയ്യാനിരുന്ന കഥാപാത്രം സ്കൂള്‍ പ്യൂണ്‍ ആക്കി മാറ്റുകയും ചെയ്തു. മോഹന്‍ലാലില്‍ നിന്ന് ജയറാമിലേക്ക് സിനിമ മാറുകയും ചെയ്തു. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന സുപ്രധാനമായ കഥാപാത്രം മോഹന്‍ലാല്‍ തന്നെ ചെയ്യണമെന്നായിരുന്നു കമലിന്റെയും, രഞ്ജിത്തിന്റെയും ആഗ്രഹം. അങ്ങനെ ‘കിരീടം’ എന്ന സിനിമയുടെ തിരക്കില്‍ നിന്ന് മോഹന്‍ലാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗസ്റ്റ് റോള്‍ ചെയ്യാന്‍ തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരെത്തി. ഷൊര്‍ണൂരിലെ വാണിയംകുളമായിരുന്നു ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന സിനിമയുടെ പ്രാധാന ലൊക്കേഷന്‍.

shortlink

Related Articles

Post Your Comments


Back to top button