Film ArticlesLatest News

വെള്ളിത്തിരയിലെ ‘ഐറ്റം നമ്പറുകള്‍’ ; കാബറേ ഡാന്‍സ്‌

മദാലസയായ സ്ത്രീ ശരീരം എന്നാണ് ഐറ്റം എന്ന വാക്കിനു ബോളിവുഡിലെ അര്‍ത്ഥം. ഇന്ത്യന്‍ സിനിമയിലെ ഐറ്റം ഡാന്‍സിന്റെ ചരിത്രം നാല്‍പതുകളിലാണ് ആരംഭിക്കുന്നത്

കമ്പോളസിനിമവിപണി വിജയത്തിനായി കണ്ടെത്തിയ ജനപ്രിയ ഘടകങ്ങളിലൊന്നാണ് ഐറ്റം നമ്പറുകള്‍. പാട്ട്, നൃത്തം, ഹാസ്യം, സംഘട്ടനം, സെന്റിമെന്‍സ് എന്നിങ്ങനെയുള്ള ഘടകങ്ങളെ സമര്‍ത്ഥമായി കൂട്ടിയിണക്കിക്കൊണ്ടാണ് കമ്പോളസിനിമ അതിന്റെ വാണിജ്യാടിത്തറകളെ സ്ഥാപിച്ചെടുത്തത്. ഉത്സവപ്പറമ്പുകളിലെ വര്‍ണ്ണ ശബളമായ കലാപരിപാടികളില്‍ ആനന്ദം കണ്ടെത്തിയിരുന്ന പ്രേക്ഷകനെ രസിപ്പിക്കുന്നതിനായി പാട്ടും നൃത്തവുമെല്ലാം അതിവിപുലമായ രീതിയില്‍ ചലച്ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിരുന്നു. ആദ്യകാല മലയാള ചലച്ചിത്രങ്ങളില്‍ പതിമൂന്നിലധികം പാട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കൊപ്പം, ക്ലാസിക്കല്‍ നൃത്തമുള്‍പ്പെടെയുള്ളവയിലൂടെ മലയാള സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി കാബറേ ഡാന്‍സുകളും അവതരിപ്പിച്ചിരുന്നു.

മദാലസയായ സ്ത്രീ ശരീരം എന്നാണ് ഐറ്റം എന്ന വാക്കിനു ബോളിവുഡിലെ അര്‍ത്ഥം. ഇന്ത്യന്‍ സിനിമയിലെ ഐറ്റം ഡാന്‍സിന്റെ ചരിത്രം നാല്‍പതുകളിലാണ് ആരംഭിക്കുന്നത്. കുക്കൂ മൊറേ എന്ന ആംഗ്ലോ ഇന്ത്യന്‍ അവതരിപ്പിച്ച കാബറേ ഡാന്‍സ് അക്കാലത്ത് വന്‍ ജനപ്രീതി നേടിയിരുന്നു. നാല്‍പതുമുതല്‍ അമ്പതുവരെയുള്ള കാലഘട്ടത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിനും ലഭിക്കാത്ത സ്വീകാര്യത ഈ നടിയ്ക്ക് ലഭിച്ചിരുന്നു. കുക്കൂ മോറേയ്ക്ക് ശേഷം ഒരു പക്ഷേ അവരെക്കാള്‍ സ്വീകാര്യത നേടിയ ഒരു താരമായിരുന്നു ഹെലന്‍. ഐറ്റം നമ്പറിനു സ്റ്റൈലിഷായ ഒരു രൂപഘടനയെ ക്രമീകരിച്ചത് ഹെലന്‍ എന്ന നര്‍ത്തകിയായിരുന്നു. ത്രസിപ്പിക്കുന്ന ചലനങ്ങളിലൂടെ ഹിന്ദി ചലച്ചിത്രരംഗത്ത് കുതിച്ചുയര്‍ന്ന ഹെലന്‍ മുപ്പതിലധികം വര്‍ഷങ്ങളിലായി വ്യത്യസ്ത താരങ്ങള്‍ക്കൊപ്പം ഐറ്റം നമ്പറുകള്‍ അവതരിപ്പിക്കുകയുണ്ടായി. ഐറ്റം ഡാന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച നടിയാണ് ഹെലന്‍. കാണികളെ പ്രലോഭിപ്പിക്കുന്ന രതിചേഷ്ടകളാലും അംഗചലനങ്ങളാലും നിറഞ്ഞാടിയ ഹെലന്‍ ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാബറേ – കാമോദ്ദീപന നൃത്തങ്ങള്‍

രതിമദാലസയായി പെണ്ണുടല്‍ വടിവുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇളകി മറിഞ്ഞാടുന്ന നര്‍ത്തകിയാണ് കാബറേയുടെ മുഖമുദ്ര. ഹോളിവുഡ് സിനിമകളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ സിനിമയില്‍ കാബറേ കടന്നുവരുന്നത്. പാശ്ചാത്യനാടുകളിലെ സ്ട്രിപറ്റീസ് ഷോകള്‍ക്കും പോള്‍ ഡാന്‍സിനും സമാനമായ രീതിയില്‍ അവതരിപ്പിക്കപ്പെട്ട (കടപ്പാട് – എ ചന്ദ്രശേഖരര്‍) കാബറേ ഡാന്‍സിന്റെ ഇടം ബാറുകളും ക്ലബുകളുമായിരുന്നു. ത്രസിപ്പിക്കുന്ന സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണവിതാനങ്ങളും കാബറേക്കാരിയുടെ ഉടല്‍വടിവുകളെ കൂടുതല്‍ ആകര്‍ഷണീയമാക്കിയിരുന്നു. കാബറേയെന്നു പറയുമ്പോള്‍ മയാളികള്‍ക്കത് അനുരാധയുടെയും ജ്യോതിലക്ഷ്മിയുടെയും ജയമാലിനിയുടെയും ഉടലായിരുന്നു. മാദക നൃത്തച്ചുവടുകളിലൂടെ പ്രേക്ഷക സമൂഹത്തെ വികാരത്തിന്റെ വേലിയേറ്റ – വേലിയിറക്കങ്ങളിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുവാന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നു.

മിസ് ഷെഫാലി എന്ന പേരില്‍ 1970 കളില്‍ കല്‍ക്കത്തയില്‍ പ്രശസ്തയായിരുന്ന കാബറേ നര്‍ത്തകിയാണ് ആരതിദാസ്. കഥകും ഭരതനാട്യവും അറിയാമായിരുന്നിട്ടും ജീവിതദുരിതങ്ങള്‍ കാബറേ കലാകാരിയാക്കി മാറ്റിയ ആരതിദാസ് തന്റെ കാബറേക്കാലത്തെക്കുറിച്ച് വേദനെയോടെയാണ് ഓര്‍മ്മിക്കുന്നത്. കൈകളും കാലുകളും മാത്രമല്ല ശരീരം പകുതിയല്‍ അധികം നഗ്നയായി ഡാന്‍സ് കളിക്കേണ്ടി വന്നിരുന്നു. കൊല്‍ക്കത്തയിലെ ഫിര്‍പോ, ഒബ്‌റോയ് ഗ്രാന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ കാബറേ ഡാന്‍സറായി പ്രവര്‍ത്തിച്ച താരമാണ് ഫെഫാലി.

അറുപതുകളിലും എഴുപതുകളിലും സദാചാരനിഷ്ഠമായി (??) നീങ്ങിയ സിനിമ കമ്പോളാടിസ്ഥാനത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങളിലേയ്ക്കു മാറിയപ്പോള്‍ കണ്ടെത്തിയ ഒന്നായിരുന്നു കാബറേ ഡാന്‍സ്. ഒരു ട്രെന്‍ഡ് എന്ന നിലയില്‍ അവ ഇന്ത്യന്‍ സിനിമയില്‍ വിശിഷ്യാ പ്രാദേശികഭാഷാ സിനിമകളില്‍ അതിവേഗത്തില്‍ ക്ലച്ചു പിടിച്ചു. കാബറേ ഡാന്‍സിനായി പ്രത്യേക നൃത്തശൈലികളും സംഗീതശൈലികളും പ്രത്യേക നര്‍ത്തകിമാരും ഉടലെടുത്തു. ഉടലഴകളവുകളില്‍ മാദകത്വം കൂടുതലുള്ള കൂടുതല്‍ മെയ്‌വഴക്കത്തോടെ ചുവടുവെച്ച നര്‍ത്തകിമാരില്‍ ചിലര്‍ പ്രേക്ഷക മനസ്സില്‍ രതിറാണിമാരായി അവരോധിക്കപ്പെട്ടു. കുലീനവും വരേണ്യവുമായ നായികാ സങ്കല്പങ്ങളില്‍നിന്നും ബഹുകാതമകലെയായി പ്രതിഷ്ഠിക്കപ്പെട്ട കാബറേക്കാരികള്‍ അഴിഞ്ഞാട്ടക്കാരികളും അച്ചടക്കമില്ലാത്തവരും ലൈംഗികാസക്തിയുള്ളതുമായ ടിപ്പിക്കല്‍ കഥാപാത്രങ്ങളായി അവരോധിക്കപ്പെട്ടിരുന്നു.

സാധന, ജ്യോതിലക്ഷ്മി, ജയമാലിനി, ശ്രീലത, സുചിത്ര, ഡിസ്‌കോ ശാന്തി തുടങ്ങി ഒരുനിര അഭിനേത്രികള്‍ കാബറേ നൃത്തത്തിലൂടെ കാണികളെ കൈയിലെടുത്തിരുന്നു. പില്ക്കാലത്ത് മികച്ച അഭിനേത്രിയായി അറിയപ്പെട്ട സീമ ചലച്ചിത്ര ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ക്ലബ് ഡാന്‍സറുടെ വേഷങ്ങള്‍ സ്വീകരിച്ചിരുന്നു.

ഡോ. രശ്മി അനില്‍

shortlink

Related Articles

Post Your Comments


Back to top button