ലോകം മുഴുവനും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ യാത്രാ വിലക്കുകള് കര്ശനമാണ്. നാട്ടിലെത്താനാകാതെ വിദേശത്തു കുടുങ്ങിയിരിക്കുകയാണ് ഗായിക രേണുകയുടെ ഭർത്താവ് അരുൺ. സിഡ്നിയിൽ നിന്നും കൊച്ചിയിലേക്കു യാത്ര തിരിച്ചുവെങ്കിലും ഫ്ലൈറ്റ് നഷ്ടമായതിനെത്തുടർന്ന് അരുൺ ഇപ്പോൾ വിദേശത്ത് കുടുങ്ങിയിരിക്കുകയാണ്. എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാരെല്ലാവരും പരിമിതമായ സൗകര്യങ്ങളിൽ കഴിയുകയാണെന്നും കോവിഡ് ബാധിക്കുമോ എന്ന ആശങ്കയിലാണെന്നും രേണുക ഫെയ്സ്ബുക്കിൽ കുറിച്ചു. ഭർത്താവ് ഉൾപ്പെടെയുള്ള യാത്രക്കാരുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് രേണുകയുടെ കുറിപ്പ്.
രേണുക അരുണിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘താഴെ കൊടുത്തിരിക്കുന്ന വാർത്തയിലെ ഒരു ഇന്ത്യൻ സിറ്റിസൺ അരുൺ ആണ്, എന്റെ ഭർത്താവ്. മാർച്ച് 21 ന് സിഡ്നിയിൽ നിന്നും EK-417 എമിറേറ്സ് വിമാനത്തിൽ യാത്ര തിരിച്ചു. തണ്ടർസ്റ്റോം കാരണം മൂന്ന് മണിക്കൂർ വൈകി ലാൻഡ് ചെയ്യുമ്പോൾ കൊച്ചിക്കുള്ള അവസാനത്തെ ഫ്ളൈറ്റ് EK 530 മിസ്സായി കഴിഞ്ഞു. തിരികെ സിഡ്നിയിലേക്ക് പോകാൻ തയ്യാറായെങ്കിലും അതിന് സാങ്കേതിക തടസ്സങ്ങൾ വന്നു.
അരുണിന് എംപ്ലോയറുടെ പരിരക്ഷ ഉള്ളത് കൊണ്ട് ടെർമിനലിലെ ഹോട്ടലിൽ താമസിക്കുകയാണ്. യൂറോപ്പിൽ നിന്നും വന്ന ഇന്ത്യക്കാരും, സിഡ്നിയിൽ നിന്നും വന്ന മറ്റുള്ളവരും ഒക്കെ എയർപോർട്ടിലെ നോ മാൻസ് ലാൻഡിൽ കിടപ്പ് ആണ്. ഹാൻഡ് ലഗ്ഗെയ്ജിൽ കരുതിയ ഒരു ജോടി തുണി, എംബസ്സിയിൽ നിന്നുള്ള ചെറിയ അലവൻസ്, എമിറേറ്റ്സ് കൊടുക്കുന്ന ഫുഡ് കൂപ്പൺ എന്നിവ കൈപറ്റി കസേരയിൽ ദുരിത ജീവിതമാണ് അവർക്കെല്ലാം. ഈ കാലയളവിൽ കോവിഡ് പിടി പെടുമോ എന്നതാണ് ഏറ്റവും വല്യ ഭീതി.
യൂറോപ്പിൽ നിന്ന് വന്നവരെ കൊറോണ ബാൻ ചെയ്ത് അവിടെ നിർത്തിയിട്ട് എട്ട് ദിവസങ്ങൾ ആയി. ടെസ്റ്റിൽ നെഗറ്റീവ് ആണ്. ഇന്ത്യ അന്താരാഷ്ട സർവീസ് നിർത്തുന്നതിനു ദിവസങ്ങൾക്കു മുൻപേ അവർ അവിടെ കുടുങ്ങി കിടപ്പാണ്.അവരുടെ കൺ മുൻപിൽ കൂടി നിരവധി വിമാനങ്ങൾ ഇന്ത്യയിലോട്ടു പോയെങ്കിലും അവർക്ക് യാത്ര നിഷേധിക്കപ്പെട്ടു )
സാധാരണ ഗതിയിൽ ഷോർട്ട് ടേം വിസ കൊടുത്ത് എയർപോർട്ടിന് പുറത്ത് താമസിപ്പിക്കുന്നത് ഈ ക്രൈസിസ് സമയത്ത് ചെയ്യാനാവില്ല.
നാളെ മുതൽ യുഎഇ മുഴുവൻ ഷട്ട് ഡൗൺ എന്നാണ് വാർത്തകളിൽ നിന്നും അറിയുന്നത്. അതിന് മുൻപ് ഇന്ത്യൻ എംബസി സഹായിക്കും എന്ന പ്രതീക്ഷയിൽ ആണ് ഞങ്ങൾ.
വ്യക്തിപരമായ, വൈകാരികമായ യാതൊന്നും പറയാനല്ല ഈ കുറിപ്പ്. ഇന്ത്യ അടക്കമുള്ള സകല രാജ്യങ്ങളുടെയും കർശന നിയന്ത്രണങ്ങളെ ഞങ്ങൾ അങ്ങേ അറ്റം honor ചെയ്യുന്നവരാണ്. ഫെബ്രുവരി മുതൽ ഞങ്ങളുടെ എംപ്ലോയർസിന്റെ ഫ്രീക്വന്റ് കമ്യൂണിക്കേഷൻ കിട്ടി തുടങ്ങിയിരുന്നു, നിസ്സാരമല്ല കാര്യങ്ങൾ എന്ന് മനസ്സിലാക്കിയിരുന്നു. ഓസ്ട്രേലിയ ഇത് വരെ സെയ്ഫ് ആണെങ്കിലും തിരികെ വരുമ്പോൾ ക്വാറന്റൈൻ ചെയ്യാൻ ഞങ്ങൾ എക്യുപ്പെഡ് ആയിരുന്നു. നമ്മുടെ നിർഭാഗ്യത്തിന് ഫ്ളൈറ്റ് വൈകി പോയി എന്നല്ലാതെ ഞങ്ങളുടെ പ്ലാനിങ്ങിനെ ഞങ്ങൾ പഴിക്കാനും കരുതുന്നില്ല
കുടുങ്ങി കിടക്കുന്ന അവസ്ഥയ്ക്ക് ഒരു സൊല്യൂഷന് വേണ്ടി ഞാൻ നിരവധി പേരുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയിലും ഞാൻ ചുറ്റിനും കാണുന്ന വിദ്യാഭ്യാസം ഉള്ള ആളുകൾ ഒക്കെ വിശ്വസിക്കുന്നത്, 12 മണിക്കൂറിനുള്ളിൽ മനുഷ്യ ശരീരത്തിൽ കയറാൻ സാധിച്ചില്ലെങ്കിൽ കൊറോണ വൈറസ് നശിക്കും എന്നാണ്. ഈ അബദ്ധ വിചാരങ്ങളും അലംഭാവവും സോഷ്യൽ ഡിസ്റ്റൻസിങ് എന്നത് ഉൾകൊള്ളാത്തതും ഒക്കെ കണ്ടപ്പോൾ ആണ് യഥാർത്ഥത്തിൽ ഏറ്റവും മനപ്രയാസം ആയത്.
ഒരു വശത്ത് കോവിഡ് പോസിറ്റീവ് പോയിട്ട് ഒരു രോഗ ലക്ഷണം പോലുമില്ലാത്തവർ കുടുങ്ങി കിടക്കുമ്പോൾ, ഇന്ത്യയിൽ കൂട്ടം കൂടി നിന്ന് മണ്ടത്തരം ആഘോഷിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. രോഗം നിയന്ത്രണത്തിൽ ആവണമെങ്കിൽ ഇത്തരം മനോഭാവം അവസാനിക്കണം. ഇറ്റാലിയൻ ടൂറിസ്റ്റുകൾക്ക് അസുഖം എന്ന് ആദ്യം കേട്ട ജയ്പ്പൂരിൽ ആയിരുന്നല്ലോ പാത്രം മുട്ടി ആഘോഷം. ഇതൊന്നും നിർത്തിക്കാൻ ആയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. അങ്ങേയറ്റത്തെ സംഘർഷത്തിൽ കൂടി കടന്നു പോകുമ്പോഴും ഈ യാത്രക്കാരും കുടുംബങ്ങളും സർക്കാർ പറയുന്ന എല്ലാ നിർദേശങ്ങളും അനുസരിച്ചു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഈ നിയന്ത്രണങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവണമെങ്കിൽ അജ്ഞത കൊണ്ടും അലംഭാവം കൊണ്ടും ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പ്രകടനങ്ങൾ നിർത്തിയ്ക്കണം’.
Post Your Comments