‘ഇന്നസെന്റ് കഥകള്‍’ എല്ലാം തന്നെ ഇന്നസെന്റ് സിനിമയിലെ നര്മങ്ങള് പോലെ അത്ര ഹൃദ്യമുള്ളതാണ്. ഗൃഹലക്ഷ്മിയില്‍ ‘പിതാവും പുത്രനും’ എന്ന പ്രത്യേക പംക്തിയില്‍ ഇന്നസെന്റ് പങ്കുവെച്ച ഒരു അനുഭവം വായനക്കാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. നായര്‍ വീട്ടില്‍ ഭക്ഷണം കഴിച്ചതിന്റെയും പിന്നീട് തന്റെ വീട്ടില്‍ ഉണ്ടായ സംഭവത്തെക്കുറിച്ചുമാണ് ഇന്നസെന്റ് മനസ്സ് തുറക്കുന്നത്.
‘സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്തായിരുന്നു ലൂയിസ്. അന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിക്കൂര്‍ ഫ്രീയാണ്. ലൂയിസ് എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഓലപ്പുരയാണ്. അതിന്റെ ഉത്തരത്തില്‍ നിന്ന് താക്കോല്‍ എടുത്തു അവന് വീട് തുറന്നു. അവിടെ ആരുമില്ല. ഒരു മുറിയും അടുക്കളയുമുള്ള വീട്. എന്നിട്ട് അടുക്കളവാതിലിന് പുറത്തു നിന്ന് അവന് അമ്മേ എന്ന് വിളിച്ചു. അടുത്ത വീട്ടില്‍ അടുക്കളപ്പണിയാണ് അവന്റെ അമ്മക്ക് അവിടെ നിന്നും ആഹാരവുമായി അമ്മ വന്നു, ഞങ്ങളെ ആഹാരം കഴിക്കാന്‍ ക്ഷണിച്ചു. ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല. അമ്മ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. വയറ് വേദനയാണ് വേണ്ട എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു. ഞാന്‍ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ ഉള്ളില്‍ നിന്ന് കരച്ചില് കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ലൂയിസാണ് കരയുന്നത്. ‘നായന്മാരുടെ വീട്ടിലെ എച്ചിലായത് കൊണ്ടല്ലെടാ നീ കഴിക്കാത്തത്’. അവന്റെ ചോദ്യം കേട്ട് എന്റെ നെഞ്ച് തകര്‍ന്നു പോയി. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. അപ്പന് വീട്ടിലെത്തിയപ്പോള്‍ അമ്മ ഞാന്‍ ലൂയിസിന്റെ വീട്ടില്‍ പോയ കാര്യങ്ങളും അതിനു ശേഷമുണ്ടായ സംഭവവും പറഞ്ഞു അപ്പോള്‍ അപ്പന് പറഞ്ഞു നായന്മാരുടെ വീട്ടിലെ എച്ചിലുണ്ണാന് അവനെ കിട്ടില്ല അവന് അഭിമാനിയാണ്. പക്ഷെ ലൂയിസ് അതിനു ശേഷം പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ കരയുകയായിരുന്നു. അല്പം കഴിഞ്ഞു അപ്പന് എന്റെ അടുത്തുവന്നു. ‘ടാ നീ അവിടെ നിന്ന് ഉണ്ടില്ല അല്ലേ, ഒറ്റക്കാര്യം നീ ആലോചിക്കണം. ലൂയിസ് ഇന്ന് ഉറങ്ങിയിട്ടുണ്ടാകില്ല. നിന്നെ പോലെ തന്നെ അവനും കരയുന്നുണ്ടാകും. അവനുണ്ടായ സങ്കടം ആലോചിക്ക്. അവന്റെ സ്ഥാനത്ത് നീയായിരുന്നുവെങ്കിലോ. നിന്റെ ജീവിതത്തില്‍ നീ ആരായാലും അത് നിന്റെ മനസ്സില്‍ എന്നുമുണ്ടാകും. ഇത് പറഞ്ഞു അപ്പന് പോയി. ഇപ്പോഴും അത് ഒരു തീരാത്ത വേദനയായി എന്റെ മനസ്സിലുണ്ട്. അപ്പന് ഇങ്ങനെ പറയാതെ പറഞ്ഞു തന്ന നിരവധി പാഠങ്ങളുണ്ട്. അതാണ് എന്നെ ഇപ്പോഴും വഴി നടത്തുന്നത്’.
Post Your Comments