GeneralLatest NewsMollywood

നന്ദി ഒരു വലിയ ഔഷധമാണ്, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് അതാണ്‌; തിരുത്തലുമായി മോഹന്‍ലാല്‍

നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി

കൊറോണ ഭീതിയില്‍ കഴിയുകയാണ് ലോകം. കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുമായി രാജ്യം കൊരോനയെ നേരിടുകയാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ജനത കര്‍ഫ്യു’വില്‍, പാത്രങ്ങള്‍ കൊണ്ടടിച്ച്‌ ശബ്ദമുണ്ടാക്കുന്നത് രോഗാണുക്കളെ അകറ്റുമെന്ന തന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് തിരുത്തല്‍ വരുത്തി നടന്‍ മോഹന്‍ലാല്‍. ഒരു മലയാള ചാനലിലൂടെ മോഹന്‍ലാല്‍ നടത്തിയ ഈ പ്രസ്താവന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തിരുത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടതെന്നും നന്ദി എന്നത് ഒരു വലിയ ഔഷധമാണെന്നും നന്ദിയുള്ളവര്‍ ആയിത്തീരുക എന്നത് വലിയ പുണ്യമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത്. നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച്‌ നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്ബോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു.

നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം… ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി…. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ.

പൂര്‍ണ്ണ മനസോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച്‌ ഒരുമയോടെ നാം മുന്നോട്ട്.#JantaCurfew #Covid19 #CoronaAwareness

shortlink

Related Articles

Post Your Comments


Back to top button