മോഹന്‍ലാൽ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പരിപാടിയായ ബിഗ്ബോസ് സീസണ് 2 അവസാനിപ്പിക്കുന്നു. 11ാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്ന പരിപാടിയാണ് ഇപ്പോൾ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റമോള് ഷൈന്‍ ഇന്ത്യ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ബിഗ് ബോസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കലികമായി നിര്‍ത്തിവെക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. എൻഡെമോൾ ഷൈൻ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുകയെന്നും നിങ്ങളെ രസിപ്പിക്കാൻ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കുറിപ്പിൽ പറയുന്നു. 300 ലധികം പേരാണ് പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അണിയറപ്രവര്‍ത്തകരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു തീരുമാനമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ ബിഗ് ബോസ് നിര്ത്തിയെന്നറിഞ്ഞതിന് പിന്നാലെയായി രജിത് ഫാന്‍സും പോസ്റ്റുകളുമായി രംഗത്തുവന്നിട്ടുണ്ട്. കൊറോണയാണ് പരിപാടി മാറ്റിവെക്കുന്നതിന് പിന്നിലെ കാരണമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ആദ്യമേ നിര്‍ത്തേണ്ടതല്ലായിരുന്നോയെന്നുള്ള ചോദ്യങ്ങളും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനില്‍ നമ്മള് കൊടുത്ത പരാതിയാണ് ഇതിന് പിന്നിലെന്നും ഇത് നമ്മുടെ വിജയമാണെന്ന തരത്തിലുമുള്ള പോസ്റ്റുകളാണ് ഗ്രൂപ്പുകളിലുള്ളത്.
Post Your Comments