CinemaGeneralLatest NewsMollywoodNEWS

ജയന്‍ നായകനായ സിനിമയില്‍ എനിക്ക് കൂടുതല്‍ സീന്‍ വേണ്ട, ഒരു സൂപ്പര്‍ താരവും അങ്ങനെ പറയില്ല: മനസ്സ് തുറന്നു ശ്രീകുമാരന്‍ തമ്പി

'ജയിക്കാനായി ജനിച്ചവന്‍' എന്ന സിനിമയ്ക്കായി എനിക്ക് തന്ന കാള്‍ ഷീറ്റ് അദ്ദേഹമെടുത്ത് എന്റെ അനുവാദമില്ലാതെ ഹരിപോത്തന് കൊടുത്തു

മലയാള സിനിമയിലെ സമസ്ത മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച ശ്രീകുമാരന്‍ തമ്പി തന്റെ സിനിമാ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം പ്രേം നസീറുമായുള്ള പിണക്കമായിരുന്നുവെന്ന് തുറന്നു പറയുകയാണ്. പിന്നീട് തനിക്ക് ആത്മനിന്ദ തോന്നിയ ഒരു സംഭവമായി അത് മാറിയെന്നും ശ്രീകുമാരന്‍ തമ്പി മനോരമയുടെ ‘നേരെ ചൊവ്വേ’ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

സിനിമയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഞാന്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റായി പോയിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തോന്നാറുണ്ട്. എല്ലായ്പ്പോഴും എന്നെ സ്നേഹിക്കുകയും, സ്വന്തം അനിയനെപ്പോലെ സ്നേഹിക്കുകയും എന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും എന്‍റെ ഒരു സിനിമ സൂപ്പര്‍ ഹിറ്റായി പണം കിട്ടിയപ്പോള്‍ അത് ഒരു തിയേറ്റര്‍ ആക്കി മാറ്റണമെന്ന് എന്നെ ഉപദേശിക്കുകയും ചെയ്ത പ്രേം നസീര്‍ സാറിനോട് ഞാന്‍ പിണങ്ങി. നിസ്സാര കാര്യത്തിന്. കാരണം ‘ജയിക്കാനായി ജനിച്ചവന്‍’ എന്ന സിനിമയ്ക്കായി എനിക്ക് തന്ന കാള്‍ ഷീറ്റ് അദ്ദേഹമെടുത്ത് എന്റെ അനുവാദമില്ലാതെ ഹരിപോത്തന് കൊടുത്തു ഹരിപോത്തനെ അന്ന് എനിക്ക് ഇഷ്ടമല്ല. അയാള്‍ക്ക് അത് മറിച്ചു കൊടുത്തപ്പോള്‍ എനിക്ക് ദേഷ്യം വന്നു. അപ്പോള്‍ ഞാന്‍ നസീര്‍ സാറിനോട് ചോദിച്ചു. ‘നിങ്ങളും എന്നെ ചതിക്കുകയാണോ?’ സത്യത്തില്‍ ആ തെറ്റിന്റെ പേരില്‍ ഞാന്‍ നസീര്‍ സാറിനോട് പിണങ്ങിയത് ശരിയായില്ല. പിന്നീട് ‘നായാട്ട്’ എന്ന എന്റെ സിനിമയില്‍ അദ്ദേഹം മടങ്ങി വന്നു. ജയന്‍ ഹീറോയായ സിനിമയില്‍ ഒരു രണ്ടാം നായകനായിട്ടാണ് നസീര്‍ സാര്‍ അഭിനയിക്കാന്‍ തയ്യാറായത്, ആ സമയം ഞാന്‍ പറഞ്ഞു ‘സാറിന് വേണ്ടി കുറച്ചു സീനുകള്‍ കൂടുതല്‍ എഴുതി ചേര്‍ക്കുന്നുണ്ടെന്ന്’, അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ‘അങ്ങനെയൊന്നും വേണ്ട എനിക്ക് പഴയ പോലെ തമ്പിയുടെ ക്യാമ്പിലേക്ക് മടങ്ങി വരണം’ എന്നാണ്. ഒരു സൂപ്പര്‍ താരവും അങ്ങനെ പറയില്ല, എനിക്ക് എന്നോട് ആത്മനിന്ദ തോന്നിയ നിമിഷമായിരുന്നു അത്. ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button