മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള സച്ചി – സേതു ടീം മമ്മൂട്ടി ചിത്രം ഡബിൾസിന് ശേഷം ഒന്നിച്ചിട്ടില്ല. സച്ചി റൺബേബി റണ്ണും, സേതു മല്ലുസിംഗും എഴുതി കൊണ്ടായിരുന്നു ഇവർ ഇരുവരും സ്വതന്ത്രമായ തിരക്കഥാകൃത്തുക്കളായത്. ചോക്ലേറ്റ് , സീനിയേഴ്സ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ ഒന്നിച്ചെഴുതിയ ഇരുവരും എന്ത് കൊണ്ട് വേര്‍പേർ പിരിഞ്ഞു എന്നതിന് ഉത്തരം നൽകുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി.
‘ഞാനും സേതുവും പരിചയപ്പെടുന്നത് തന്നെ കോടതിയിൽ വന്നിട്ട് അഞ്ച് വർഷത്തോളം കഴിഞ്ഞാണ്. ഞങ്ങൾ ഹൈക്കോടതിയിൽ ഒരേ സമയം ഒന്നിച്ച് പ്രാക്ടീസ് ചെയ്യാൻ വന്നതാണെങ്കിലും തമ്മിൽ പരസ്പരം പരിചയപ്പെടുന്നത് അത്രയും വർഷങ്ങൾക്ക് ശേഷമാണ്. രണ്ടു പേർക്കും സിനിമയോട് താൽപര്യമുള്ളത് കൊണ്ട് വൈകുന്നേരം കിട്ടുന്ന സമയങ്ങളിൽ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. അങ്ങനെയാണ് പിന്നീട് കൂട്ടായ ഒരു ശ്രമം നടത്തി കളയാം എന്ന് കരുതുന്നത്. അത്രയും നാളത്തെ സംസാരം കൊണ്ട് രണ്ട് പേർക്കും രണ്ട് അഭിരുചികളാണെന്നും രണ്ട് തരം സിനിമാ ടേസ്റ്റുകൾ ആണെന്നും വ്യക്തമായിരുന്നു. അത് കൊണ്ട് ഞങ്ങൾ യോജിച്ചത് തന്നെ പിരിയാൻ വേണ്ടിയിട്ടായിരുന്നു .അതിനാൽ ഒരു എൻട്രിയ്ക്ക് വേണ്ടി ഒന്നോ രണ്ടോ സിനിമകൾ ചെയ്യാം, അതു കഴിഞ്ഞ് ഒന്ന് ചവിട്ടി നിന്നതിന് ശേഷം സ്വതന്ത്രമായി സിനിമകൾ ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു. തുടക്ക സമയത്ത് ഒരു വ്യായാമം എന്ന നിലയ്ക്ക് ഒന്നിച്ച് എഴുതുന്നത് നല്ലതാണ് പക്ഷേ അതിനു ശേഷം ഒറ്റയ്ക്ക് ഒറ്റയ്ക്ക് സിനിമകൾ ചെയ്യുന്നത് തന്നെയാണ് നല്ലത്’. മനോരമയുടെ ‘നേരേ ചൊവ്വേ’ അഭിമുഖ പരിപാടിയിൽ സംസാരിക്കവേ സച്ചി വ്യക്തമാക്കുന്നു.
Post Your Comments