GeneralLatest NewsMollywood

ഗജരത്‌നം പദ്മനാഭനെ കാണാൻ ആരാധകരുടെ പ്രവാഹം ; ആനക്കോട്ടയിലെത്തി സായ് കുമാറും ബിന്ദു പണിക്കരും

ദേവസ്വം പ്രത്യേക താൽപ്പര്യമെടുത്ത് ആസാമിൽ നിന്നു വന്ന പ്രശസ്ത ആന രോഗ വിദഗ്‌ദ്ധൻ പദ്മശ്രീ കുനാൽ ശർമ്മ അപ്പോൾ ആനക്കോട്ടയിലുണ്ടായിരുന്നു

പദ്മനാഭന് സുഖമില്ല എന്നറിഞ്ഞപ്പോൾ പിന്നീടൊന്നും ചിന്തിച്ചില്ല ……. പപ്പേട്ടനെ കണ്ടിട്ടു തന്നെ കാര്യം ……. പറഞ്ഞത് മറ്റാരുമല്ല ….. കേരളത്തിലെ ഏറ്റവും വലിയ ആനപ്രേമിയായ സിനിമാ താരം സായ്കുമാറിന്റെ വാക്കുകളാണിത് ……. കഴിഞ്ഞ ദിവസം ആനക്കോട്ടയിലെത്തിയ സായ് കുമാറിനേയും, ബിന്ദു പണിക്കരേയും, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസും, അഡ്മിനിസ്ട്രറ്റർ ശിശിറും കൂടി സ്വീകരിച്ചു. .ദേവസ്വം പ്രത്യേക താൽപ്പര്യമെടുത്ത് ആസാമിൽ നിന്നു വന്ന പ്രശസ്ത ആന രോഗ വിദഗ്‌ദ്ധൻ പദ്മശ്രീ കുനാൽ ശർമ്മ അപ്പോൾ ആനക്കോട്ടയിലുണ്ടായിരുന്നു …..

പദ്മനാഭന്റെ വാർദ്ധക്യസഹജമായ അസുഖത്തിന് ഇപ്പോൾ നല്കുന്ന ചികിത്സ വളരെ മികച്ചതാണ്. 85 ന് മീതെ പ്രായമുള്ളതുക്കൊണ്ട് റിക്കവറി ചെയ്ത് വരാൻ കുറച്ച് സമയം എടുക്കും .വ്യായാമം അനിവാര്യമാണ്.  ഒന്നും ആശങ്കപ്പെടേണ്ടതില്ല.. സായ്കുമാറിനെ ചെയർമാൻ ഡോക്ടർക്ക് പരിചയപ്പെടുത്തിക്കൊടുത്തു  ആനകളുടെ സ്വഭാവവും, ലക്ഷണങ്ങളും , നല്ലപോലെ അറിയുന്ന സായ്കുമാർ തന്റെ സംശയങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. ആശ്വാസത്തിന്റെ സൂചനകളാണ് പദ്മനാഭനിൽ കണ്ടുവരുന്നതെന്ന് ഡോക്ടർ പറഞ്ഞു. പദ്മനാഭനെ ചികിത്സിക്കുന്ന ഡോ. ഗിരിദാസ്, ഡോ.രാജീവ്, ഡോ. വിവേക് എന്നിവരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ആന പരിപാലനത്തിന്റെ തലസ്ഥാന ഭൂമിയായ ആനക്കോട്ടയിലെ പ്രവർത്തനത്തിൽ അദ്ദേഹം പൂർണ്ണ സംതൃപ്തി പ്രകടിപ്പിച്ചു . അഭിനയ മികവിൽ മലയാളിയുടെ അഭിമാനമായ ദക്ഷിണേന്ത്യയിലെ മികച്ച നടനാണ് സായ്കുമാർ. ഓരോ വേഷവും ഒന്നിനൊന്ന് മികച്ചതാക്കുന്ന നടന സൗന്ദര്യത്തിന്റെ സൂര്യകാന്തിയാണെന്ന് സായ്കുമാറിനെ കുറിച്ച് പ്രശസ്ത ബംഗാളി ജൂറിമാർ വിലയിരുത്തിയിട്ടുണ്ട്.

 നടന സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാക്കുവാൻ പര്യാപ്തമായ നടന വൈഭവം സ്വയത്തമാക്കിയ കലാകാരനാണ് സായ്കുമാർ …… മനോരമ പത്രത്തിന്റെ ലേഖകൻ വി.പി.ഉണ്ണിക്യഷ്ണൻ ഗജരത്നം പദ്മനാഭന്റെ ആര്യോഗ്യ സ്ഥിതിയെ കുറിച്ചെഴുതിയ വാർത്ത കണ്ട സായ്കുമാർ ഇടക്കിടെ ആനപ്രേമി പ്രസിഡണ്ട് കെ.പി.ഉദയനെ വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്നു.  രണ്ട് ആനകൾ സ്വന്തമായുണ്ടായിരുന്ന സായ്കുമാർ വലിയ ആനപ്രേമിയാണ് …..എനിക്ക് ഒരു നിമിഷം പോലും ഇവിടെ ഇരിപ്പുറക്കുന്നില്ല …… അവന്റെ മുഖമാണ് എന്നും കാണുന്നത് ….. കേരളത്തിലെ ഏറ്റവും ശ്രേഷ്ഠമായ , മലയാളികൾ സ്നേഹിക്കുന്ന ഗജരത്നത്തിന് ഒരു കുഴപ്പവും വരുത്തരുതെന്ന് ഭഗവാനോട് പ്രാർത്ഥിക്കുവാൻ ഞാൻ അടുത്ത ദിവസം വരുമെന്ന് ഉദയനെ അറിയിച്ചിരുന്നു …..എന്ത് സഹായം വേണമെങ്കിൽ ആവശ്യപ്പെട്ടോള്ളു….. ഭഗവാന്റെ തിടമ്പ് ശിരസ്സിലേറ്റിയ മഹാപുണ്യമാണ് ഗുരുവായൂർ പദ്മനാഭൻ. ഗുരുവായൂർ കേശവനോടൊത്ത് ഏറ്റവും അടുത്തിടപഴകിയ മഹാജന്മമാണ് ഗജരത്നം പദ്മനാഭൻ. ഇങ്ങനെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ നാടൻ ആന കേരളത്തിലില്ല.

പദ്മനാഭന്റെ അടുത്തേക്ക് ഡി.എ. ശശികുമാറും, കെ.പി. ഉദയനും കൊണ്ടുപോയി. അല്പനേരം സിനിമാ താരവും , ഗജ താരവും നോക്കി നിന്നു. സായ് കുമാർ അടുത്തു ചെന്ന് അവനെ തലോടി …..പദ്മനാഭന്റെ മിഴിയിൽ നിന്നും തുള്ളികൾ വീഴുന്നത് സായ് കുമാർ ശ്രദ്ധിച്ചു .  സ്നേഹത്തിന്റെ കരസ്പർശം ഏറ്റപ്പോൾ …… ലാളിത്യത്തിന്റെ വചനങ്ങൾ കേട്ടപ്പോൾ ദേവഗണത്തിലെ പദ്മനാഭനും മിഴിനീർ അടക്കി നിർത്താനായില്ല ….. തലോടിക്കൊണ്ട് സായ് കുമാർ പറഞ്ഞു …… സാരമില്ല ……ടാ ……

വേഗം നീ സുഖം പ്രാപിക്കും …… ഞാൻ ഭഗവാനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട് .തിരിഞ്ഞു നിന്ന് തന്റെ കണ്ണുനീർ ആരും കാണാതെ അദ്ദേഹംതുടക്കുന്നുണ്ടായിരുന്നു. പദ്മനാഭന്റെ പ്രിയ പാപ്പാൻ സന്തോഷിനെ ചേർത്ത് നിർത്തി….പദ്മനാഭൻ ഒരു വികാരമാണ് …… ഭഗവാന്റെ അവതാരമാണ്. നന്നായി നോക്കണം എന്ന് പറഞ്ഞപ്പോൾ ഉദയൻ പറഞ്ഞു …… ഇവിടെ എല്ലാവരും ഉറക്ക മിഴിച്ച് പ്രവർത്തിക്കുകയാണ്. ദേവസ്വം എന്ത് വേണമെങ്കിൽ നല്കാൻ സന്നദ്ധമായി നിൽക്കുകയാണ്.  ഭഗവാന്റെ ഈ നിധിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഡോക്ടർമാരും, ജീവനക്കാരും, ആനപ്രേമികളും എന്നും പ്രാർത്ഥനയായി കഴിയുകയാണ്.  പദ്മനാഭന്റെ കാര്യത്തിൽ ജ്യോതിഷിയെ കണ്ട് എന്നും മൃത്യുഞ്ജയ ഹോമം നടത്തുന്ന പന്തളത്ത് കുട്ടൻ പാപ്പാനും, ആനക്കോട്ട ക്ഷേത്രത്തിലെ പൂജാരിയും തുടങ്ങി നിരവധി വഴിപാടുകളാണ് ഈ പുണ്യജന്മത്തിനായി നിലകൊള്ളുന്നത്. വീണ്ടും വരാമെന്ന് പറഞ്ഞ് സായ് കുമാർ പപ്പേട്ടനോട് കൈ വീശി യാത്ര തിരിക്കുമ്പോൾ സ്നേഹത്തിന്റെ , ആശ്വാസത്തിന്റെ പരിമളകാറ്റ് ആലിലകളെ തഴുകി കടന്നുപോയി.

ബാബു ഗുരുവായൂർ 

shortlink

Related Articles

Post Your Comments


Back to top button