തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കാണാന്‍ എത്തിയപ്പോൾ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനോട് ആരാണെന്ന് ചോദിച്ച് മാധ്യമശ്രദ്ധ നേടിയ യുവാവ് ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി. തൂത്തുക്കുടി സ്വദേശിയായ സന്തോഷാണ് (23) അറസ്റ്റിലായത്. സന്തോഷിന്റെ കൂട്ടാളികളായ മണികണ്ഠൻ (23), ശരവണൻ (22) എന്നിവരെയും പോലീസ് അറസ്റ്റുചെയ്തു. വ്യാജരേഖകൾ ചമച്ച് തൂത്തുക്കുടിയിലെയും പരിസര പ്രദേശങ്ങളിലും നിന്ന് ബൈക്കുകൾ
മോഷ്ടിക്കുന്ന ഇവർ പിന്നീട് ഒ.എൽ.എക്സ് വഴി പരസ്യംനൽകി വില്പന നടത്തുകയായിരുന്നു.
എന്നാൽ ഈയിടെ തൂത്തുക്കുടി സ്വദേശിയായ ഒരു യുവാവിന്റെ ബൈക്ക് മോഷിടിച്ച ഇവർ
ഒ.എൽ.എക്സ്. വഴി വില്പനയ്ക്ക് വെച്ചിരുന്നു. ഇത് യുവാവ് കണ്ടതോടെയാണ് കവർച്ചസംഘം പോലീസ് പിടിയിലായത്. പരസ്യത്തിൽ കണ്ട ഫോൺനമ്പരിൽ വിളിച്ച് ഇടപാടുനടത്തിയ ഇയാൾ പോലീസിനെയും വിവരമറിയിച്ചു. തുക പറഞ്ഞുറപ്പിക്കാൻ ബൈക്കുമായെത്തിയ സന്തോഷിനെ പോലീസ് സംഘം പിടികൂടുകയായിരുന്നു.
2018 മേയ് 22-നാണ് തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സമരക്കാർക്കുനേരേ പോലീസ് വെടിവെപ്പുണ്ടായത്. 13 പേർ ഇതിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ 100 ദിവസമായി സമരംനടന്നിട്ടും എത്താതെ ദുരന്തശേഷം ആശുപത്രിയിൽ സന്ദർശനം നടത്താനെത്തിയ രജനീകാന്തിനോട് പ്രതിഷേധ സൂചകമായിട്ടാണ് സന്തോഷ് ‘ആമാ നീങ്ക ആര്? എന്ന് ചോദിച്ചത്. എന്നാൽ ഇത് ഗൗരവത്തിലെടുക്കാതെ ചിരിച്ചുകൊണ്ട് പോകാന്‍ രജനീകാന്ത് നോക്കിയെങ്കിലും സന്തോഷ് വിട്ടില്ല. ‘നൂറ് നാള് പോരാടിയപോത് വരാത നീങ്ക ഇപ്പോ ഏന് വന്തേങ്ക?’ എന്ന ചോദ്യമുയര്‍ന്നതോടെ രജനികാന്തും സംഘവും സന്ദര്‍ശനം മതിയാക്കി നടന്നു നീങ്ങുകയായിരുന്നു. ഇത് ദേശീയതലത്തിലെ വാർത്തകളിൽ വരെ ഇടംപിടിച്ചിരുന്നു.
.
Post Your Comments