
വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ ജയസൂര്യ കടമറ്റത്ത് കത്തനാരായെത്തുന്ന സിനിമയുടെ ലോഞ്ച് ടീസർ പുറത്തിറങ്ങി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ഫാന്റസി-ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ വൈദികനായ മാന്ത്രികന് കടമറ്റത്ത് കത്തനാരായാണ് ജയസൂര്യ എത്തുന്നത്. ‘ഫിലിപ്സ് ആൻഡ് മങ്കിപെൻ’ ഒരുക്കിയ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര് രാമാനന്ദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.
എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന വനമാന്ത്രികനായ പുരോഹിതൻ കടമറ്റത്ത് കത്തനാരുടെകഥ 1984-ൽസിനിമയാക്കിയിരുന്നു. അന്ന് നസീർ ആയിരുന്നു നായകൻ. അതിനുശേഷം കടമറ്റത്ത് കത്തനാർ എന്നൊരു സീരിയലും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ത്രീഡിയായാണ് പുതിയ കടമറ്റത്ത് കത്തനാര് ഒരുങ്ങുന്നത്.
ചിത്രത്തിന് രാജ്യാന്തര നിലവാരം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചു. രമ്യ നമ്പീശനാണ് ടീസറില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് കത്തനാർ.
ചിത്രത്തിനും ജയസൂര്യയ്ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് കത്തനാരുടെ ടീസര്‍ മലയാളസിനിമയിലെ നിരവധി താരങ്ങൾ പങ്കുവെച്ചു. പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ആശംസാകുറിപ്പിന് ജയസൂര്യ നന്ദി കമന്റായി രേഖപ്പെടുത്തി.
Post Your Comments