ഒന്ന് രണ്ടു ചിത്രങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനു ബോക്സോഫീസില്‍ വലിയൊരു വിജയം ബാലേട്ടനിലൂടെ ലഭിക്കുന്നത്. ബാലേട്ടനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ടിഎ ഷാഹിദ് ആയിരുന്നു. 2003-ല്‍ പുറത്തിറങ്ങിയ ‘ബാലേട്ടന്’ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാറുകയായിരുന്നു. പലരും നിര്‍മ്മിക്കാന്‍ മടി കാണിച്ചിരുന്ന ഒരു സിനിമയായിരുന്നു ബാലേട്ടനെന്നും എന്നാല്‍ മോഹന്‍ലാല്‍ ഈ സിനിമയുടെ കഥ കേട്ടതും ഉടന്‍ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും വിഎം വിനു പറയുന്നു. 2003-ലെ ഓണച്ചിത്രമായ ബാലേട്ടന് നൂറോളം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് തിയേറ്റര്‍ വിട്ടത്.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാലേട്ടനായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് ജയറാമിനെ ആയിരുന്നുവെന്നും എന്നാല്‍ താന്‍ അത് തിരുത്തുകയായിരുന്നുവെന്നും വിഎം വിനു പറയുന്നു. ‘കണ്മഷി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ടിഎ ഷാഹിദ് തന്നോട് ഈ കഥ പറഞ്ഞതെന്നും കേട്ടപ്പോള്‍ തന്നെ ഈ അച്ഛന്-മകന് കഥ ഹൃദയസ്പര്‍ശിയായി തോന്നിയെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ബാലേട്ടന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് വിഎം വിനു പറയുന്നു, ജയറാം ഇതേ ടൈപ്പ് വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രേക്ഷകര്‍ക്ക് അത് ഒരു മടുപ്പാകുമെന്നും പക്ഷെ ലാലേട്ടന് ബാലേട്ടന് ചെയ്യുമ്പോള്‍ അത് ഫ്രെഷ് ആയിരിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും വിംഎം വിനു ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് വ്യക്തമാക്കുന്നു.
Post Your Comments