മലയാളത്തിന്റെ പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഇന്നേക്ക് പത്തു വർഷം തികഞ്ഞിരിക്കുകയാണ്. നല്ലവരികളുടെ വസന്തകാലം സമ്മാനിച്ച് വിട പറഞ്ഞ ഈ പുത്തഞ്ചേരിക്കാരന് പക്ഷേ ഇന്നും മലയാളികളുടെ മനസ്സില്‍ നിന്ന് പടിയിറങ്ങിയിട്ടില്ല . ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഉള്ളുതൊടുന്നൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എഴുത്തുകാരിയായ കെ പി സുധീരയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റയെ പൂർണരൂപം………………………….
സ്വന്തം സര്‍ഗ്ഗാത്മകതയില്‍ അതിരറ്റ വിശ്വാസമുണ്ടായിരുന്ന ഗിരീഷ് പുത്തഞ്ചേരി. ഗാനങ്ങളുടെ, ആഘോഷങ്ങളുടെ കൊടുമയില്‍ പാനപാത്രം ശബ്ദഘോഷങ്ങളോടെ തച്ചുടച്ച് രംഗത്ത് നിന്ന് നിഷ്ക്രമിച്ചു. അവന്റെ അന്തരാത്മാവ് മൗനമായി, അഗ്നി പോലെ ആളിക്കത്തുകയായിരുന്നു. ജീവിതവിഷാദത്തിന്റെ മാരക വിഷം കുടിച്ച് ആ സര്ഗധനന് വീണുടഞ്ഞ സൂര്യകിരീടത്തെക്കുറിച്ച്, ആകാശദീപങ്ങള്‍ സാക്ഷിയാക്കി, വെണ്ശംഖ് പോലുള്ള ഹൃദയത്തിന്റെ തീരാ വ്യഥകള്‍ പിന്നേയും പിന്നേയും നമ്മോട് പറഞ്ഞു കൊണ്ടിരുന്നു. മനസ്സിന് മേല്‍ നായകത്വം നേടിയ പ്രിയ സുഹൃത്തേ നീ നിന്നില്‍ തന്നെ സ്വയം അലങ്കോലപ്പെട്ടു കിടക്കയായിരുന്നു.
നമ്മുടെ സൗഹൃദത്തിന് ആയിരം ഓര്‍മകളുണ്ട്. സ്നേഹപരിഭവങ്ങളുടെ കാര്‍മേഘങ്ങളുണ്ട്. എന്നാല്‍ അവയ്ക്കെല്ലാം ആര്‍ജ്ജവം നിറഞ്ഞ ഒരു ആത്മാവിന്റെ അപരിമേയ പരിമളം!
മാനവികതയുടെ ആത്മാവില്‍ ലഹരിയുല്‍പാദിക്കുന്ന രാസ വിദ്യ അറിഞ്ഞ കവേ! അനുപമ സുന്ദരങ്ങളായ ഗാനങ്ങളുടെ സപ്ത വര്‍ണങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് കുടഞ്ഞിട്ട് നീ എവിടേക്കാണ് യാത്ര പോയത്! ഞങ്ങളുടെയെല്ലാം ജീവിതത്തിന്റെ തെരുവോരത്തുകൂടെ എന്നും നടന്നു പാടുന്ന കിന്നര ഗായക! മരിക്കില്ല നീ-
മറക്കില്ല ഞങ്ങള്‍’
കെ.പി.സുധീര
Post Your Comments