CinemaGeneralLatest NewsMollywoodNEWS

ഞാൻ ഉണ്ണാക്കനല്ലെന്ന് വിശ്വസിക്കാനുള്ള ചങ്കുറപ്പ് ഉള്ളതുകൊണ്ട് വിളിച്ച ഉണ്ണാക്കന് നിരാശപ്പെടാനേ നിവൃത്തിയുള്ളൂ ; വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകി ബാലചന്ദ്രമേനോന്‍

ഇത്രയും ഭൂകമ്പം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം .കമന്റുകൾ എഴുതിയവരിൽ ഭൂരിഭാഗവും എന്നോടല്ല സംസാരിച്ചത് ,

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ എം എ നിഷാദിന്റെ പ്രതികരണം വിവാദമാവുകയും ചെയ്തു. നിയമസഭയുടെ നിര്‍ബന്ധത്തിനു വഴങ്ങി പാര്‍ലമെന്റ് പാസാക്കിയ നിയമം അസാധുവാക്കിയാല്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രസക്തി എന്ത്’ എന്നായിരുന്നു ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘പട്ടും വളയും നേടിയെടുക്കാന്‍, വെറും ഒറ്റുകാരന്റെ റോള്‍ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങള്‍ക്ക് ഒട്ടും ചേരില്ല… ഇവിടെ ജനം ഒറ്റക്കെട്ടാണ്, ജാതിക്കും മതത്തിനും അതീതമായി, അതിന്റ്രെ ഇടക്ക് കോലിട്ട് ഇളക്കരുതേ…ജനം താരാട്ട് പാടി ഉറക്കും, ജന്മാന്തരങ്ങളോളം.’ എന്ന് ബാലചന്ദ്രമേനോനെ വിമര്‍ശിച്ച് എം എ നിഷാദ് കുറിച്ചു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇതിന് മറുപടി നൽകുന്നത്

കുറിപ്പിന്റെ പൂര്‍ണരൂപം………………………………..

പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള എന്റെ കഴിഞ്ഞ FB post നെ പറ്റി , അതിന്റെ ലൈക്കുകളുടെയും ഷെയറുകളുടെയും കമന്റുകളുടെയും എണ്ണം എടുത്തു പറഞ്ഞുകൊണ്ട് എന്നെ ഒരുപാട് സുഹൃത്തുക്കൾ വിളിച്ചു അഭിനന്ദിച്ചു . അതിനു കാരണക്കാരായ ഫെസ്ബൂക് മിത്രങ്ങൾക്കു ഞാൻ ആദ്യമേ നന്ദി പറയട്ടെ .

ഇത്രയും ഭൂകമ്പം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം .കമന്റുകൾ എഴുതിയവരിൽ ഭൂരിഭാഗവും എന്നോടല്ല സംസാരിച്ചത് , മറിച്ചു അവർ പരസ്പരമായിരുന്നു . അതുകൊണ്ടു തന്നെ പല കമന്റുകളുമായും എനിക്ക് വേണ്ടരീതിയിൽ പ്രതികരിക്കാൻ കഴിഞ്ഞില്ല. പലരും എന്നെ ഞാൻ അർഹിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ മീമാംസകനായി കണ്ടോ എന്നൊരു സംശയം .

ഉള്ളിൽ തോന്നുന്നത് തുറന്നു പറയുക എന്നല്ലാതെ ആരുടെയെങ്കിലും ജിഹ്വ ആകാനോ മാറ്റൊലിയാകാനോ ഞാൻ ഇന്നുവരെ ശ്രമിച്ചിട്ടില്ല .അതെന്റെ ശൈലിയുമല്ല.ഞാൻ എനിക്ക് തോന്നിയ ന്യായമായ ഒരു സംശയം ഫെസ്ബൂക് മിത്രങ്ങളുമായി ഒന്ന് ഷെയർ ചെയ്യണമെന്നേ ഉദ്ദേശിച്ചുള്ളൂ.അങ്ങിനെ ഷെയർ ചെയ്യുമ്പോൾ ഒരു മാന്യത ഉണ്ടാവണമെങ്കിൽ പങ്കെടുക്കുന്ന ആളിന്റെ ഉള്ളിൽ താളം കെട്ടിക്കിടക്കുന്ന മുഷിഞ്ഞ വികാരങ്ങളെ പറച്ചിലിനോടൊപ്പം കൂട്ടിക്കുഴക്കരുത്. (അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നപോലെ) തന്നെയുമല്ല ഫേസ്‌ബുക്കിന്റെ മറവിലാണെങ്കിലും നമ്മൾ എഴുതിപ്പിടിപ്പിക്കുന്നതു കുടുംബാംഗങ്ങൾ വായിച്ചാലോ എന്ന ഒരു പരിഗണന കൊടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നു .അങ്ങിനെ ചെയ്‌താൽ എന്നെ ‘ഉണ്ണാക്കൻ’എന്നൊക്കെ വിളിക്കാൻ തോന്നുകയില്ല . ഞാൻ അതല്ല എന്ന് വിശ്വസിക്കാനുള്ള ചങ്കുറപ്പ് എനിക്കുള്ളതുകൊണ്ടു വിളിച്ച ഉണ്ണാക്കന് ‘നിരാശപ്പെടാനേ നിവൃത്തിയുള്ളൂ എന്ന് മനസ്സിലാക്കിയാൽ നന്ന് .

എനിക്ക് അൽപ്പം വിഷമം തോന്നിയ ഒരു കാര്യം .ഞാൻ ഈ ഫേസ്ബൂക് പേജ് തുടങ്ങിയതിൽ പിന്നെ ഇന്നിത് വരെ ഉള്ള കാര്യം തുറന്നു പറയുകയല്ലാതെ അസഭ്യമായ ഒരു പ്രയോഗം പോലും എനിക്ക് വായിക്കേണ്ടി വന്നിട്ടില്ല .എന്നാൽ പരിപാവനമായ ഭരണഘടനയെപ്പറ്റിയുള്ള പരാമർശം വന്നപ്പോൾ പൊട്ടിപ്പുറപ്പെട്ട നിലാവാരമില്ലാത്ത പ്രയോഗങ്ങൾ എന്നെ അത്യന്തം വേദനിപ്പിച്ചു എന്ന് പറയാതെ വയ്യ .”ഭരണഘടനാ വായിച്ചു നോക്കൂ ” എന്ന് ഉദ്‌ഘോഷിച്ച പലരും ജനാധിപത്യത്തിന്റ അടിസ്ഥാന മൂലകമായ “പ്രതിപക്ഷ ബഹുമാനമില്ലാതെ’ അസഭ്യവർഷം ചൊരിയുന്നതു കണ്ടപ്പോൾ കഷ്ട്ടം തോന്നി . പണ്ട്, പ്രൈമറി സ്കൂളിലെ മൂത്രപ്പുരയിൽ ആരൊക്കയോ കരികൊണ്ടു കോറിയിട്ട ചില പ്രയോഗങ്ങൾ അറിയാതെ ഓർമ്മ വന്നു .അത് വായിക്കേണ്ടി വന്നതിൽ ഞാൻ ദുഖിക്കുന്നു ….ലജ്ജിക്കുന്നു .

ഇനി ഒരു തമാശ .

വർഷങ്ങൾക്കു മുൻപ് ഞാൻ “അണിയാത്ത വളകൾ “എന്നൊരു സിനിമ സംവിധാനം ചെയ്തു.അതിൽ ഓപ്പറേഷൻ തീയേറ്ററിൽ നായകൻ(സുകുമാരൻ ) കിടക്കുന്ന ഒരു ഷോട്ട് വേണം . എന്റെ നോട്ടത്തിൽ ഒരു മണിക്കൂറിനുള്ളിൽ തീരേണ്ട കാര്യം .സ്ഥലത്തെ ഒരു പ്രധാന ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്റർ ആരോ സംഘടിച്ചു തന്നു. നടൻ സുകുമാരൻ തലയിൽ കെട്ടുമായി അവിടെ ടേബിളിൽ ഒന്ന് കിടന്നു എഴുന്നേക്കണം അത്രയേ ഉള്ളു .കഷ്ടകാലത്തിനു ഞങ്ങളുടെ സഹായത്തിനായി അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടർ പ്രശ്നമായി .അദ്ദേഹത്തിന് രോഗസംബന്ധിയായ എല്ലാ വിവരങ്ങളും അറിഞ്ഞേ പറ്റൂ .ഞങ്ങൾ എന്തൊക്കെ പറഞ്ഞിട്ടും പുള്ളി മർക്കടമുഷ്ടിയായി നിൽക്കുകയാണ് .സുകുമാരന്റെ തലയിൽ കെട്ടിയ കെട്ടു ശരിയായില്ല ഓപ്പറേഷൻ തീയേറ്ററിൽ ധരിച്ചിരിക്കുന്ന വേഷം ശരിയായില്ല …ഓപ്പറേഷന്റെ ഫുൾ ഡീറ്റെയിൽസ് വേണം എന്നൊക്കെ പറഞ്ഞു ഷൂട്ടിങ് തീർന്നപ്പോൾ നേരം വെളുക്കാറായി . ഏതാണ്ട് അത് പോലെ , ഞാൻ ലളിതമായി പറഞ്ഞ അല്ലെങ്കിൽ പറയാൻ ശ്രമിച്ച ഒരു കാര്യം എന്റെ നിയന്ത്രണം വിട്ടു പോയി ..അത് പിന്നെ നാട്ടുകാരുടെ കളിപ്പന്തായി . എനിക്ക് കാഴ്ചക്കാരനായി നിൽക്കേണ്ടി വന്നു . കുറ്റം പറയരുതല്ലോ , കുറച്ചു പുതിയ പദപ്രയോഗങ്ങൾ പഠിക്കാൻ കഴിഞ്ഞു . അത്ര തന്നെ .ചുരുക്കിപ്പറഞ്ഞാൽ ,അറിയാതെയാണെങ്കിലും ഞാൻ കടന്നൽകൂട്ടിലാണോ കല്ലെറിഞ്ഞത് ?ആണെന്ന് തോന്നുന്നു ….ഇനി സൂക്ഷിക്കാം

..that’s ALL your honour !

shortlink

Related Articles

Post Your Comments


Back to top button