CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസിൽ ഏറ്റവുമധികം വോട്ടുകള്‍ നേടി ദയ അശ്വതി

അഞ്ച് പേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ദയ, പ്രദീപ്, വീണ, രേഷ്മ, ജസ്ല എന്നിവര്‍.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഒരുപാട് സര്‍പ്രൈസുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. എലിമിനേഷനും അസുഖം മൂലമുള്ള പുറത്തുപോകലും നാല് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഇപ്പോള്‍ അഞ്ച് പേര്‍ക്കുള്ള കണ്ണിനസുഖവും എല്ലാമായി എപ്പോഴും അപ്രതീക്ഷിതത്വങ്ങളാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കുമായി കാത്തുവച്ചിരിക്കുന്നത്. എന്നാല്‍ വോട്ടിംഗിലും അത്തരത്തില്‍ ചില സര്‍പ്രൈസുകള്‍ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. ഈ വാരം വോട്ടിംഗില്‍ പ്രേക്ഷകരും അത്തരമൊരു സര്‍പ്രൈസ് കരുതി വച്ചിരുന്നു.

അഞ്ച് പേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ദയ, പ്രദീപ്, വീണ, രേഷ്മ, ജസ്ല എന്നിവര്‍. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത് ദയയുടെ പേരായിരുന്നു. രേഷ്മ കണ്ണിനസുഖത്തെ തുടര്‍ന്ന് ഹൗസിന് പുറത്തായതിനാല്‍ ബാക്കിയുള്ള നാല് പേരോടാണ് മോഹന്‍ലാല്‍ ഈ വാരത്തിലെ എലിമിനേഷനെക്കുറിച്ച് സംസാരിച്ചത്. ‘ഞാന്‍ വിളിച്ചാല്‍ പെട്ടെന്ന് വരാന്‍ തയ്യാറുള്ളവര്‍ ആരൊക്കെ’ എന്നായിരുന്നു നാല് പേരോടുമായി മോഹന്‍ലാലിന്റെ ചോദ്യം. ദയയും വീണയുമാണ് ആ ചോദ്യത്തിന് കൈ പൊക്കിയത്.

എന്തുകൊണ്ട് അങ്ങനെയൊരു അഭിപ്രായമെന്ന ചോദ്യത്തോട് ദയ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ‘നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് എനിക്കാണ് ഉള്ളത്. ഈ വീട്ടില്‍ എല്ലാവരും ഒത്തൊരുമയില്‍ നില്‍ക്കുമ്പൊ ഞാനാണ് പോകേണ്ടതെന്ന അവരുടെ ആഗ്രഹം വോട്ടിലൂടെ എനിക്ക് മനസിലാക്കാന്‍ പറ്റി. അതൊന്ന്. പിന്നെ പല ഗെയിമിലും ഞാനാണ് തോറ്റിട്ടുള്ളത്. എനിക്ക് ജയിക്കാന്‍ പറ്റുന്നില്ല എന്ന് ചെറിയൊരു സങ്കടം’, ദയ പറഞ്ഞുനിര്‍ത്തി. എന്നാല്‍ ബാക്കിയുള്ള മൂന്ന് പേരോടും ഇരിക്കാന്‍ നിര്‍ദേശം കൊടുത്തശേഷം മോഹന്‍ലാല്‍ ഈ വാരത്തിലെ എലിമിനേഷന്‍ എന്ന സസ്‌പെന്‍സിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ തുടര്‍ന്നു. ‘വളരെ സങ്കടത്തോടെ ഞാന്‍ മറ്റുള്ളവരോട് പറയുന്നു, ദയയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുടെ വോട്ട്. ദയയ്ക്ക് അവിടെ ഇരിക്കാം’.

ദയ ആശ്ചര്യത്തോടെയും അങ്ങേയറ്റം സന്തോഷത്തോടുംകൂടി തുള്ളിച്ചാടിക്കൊണ്ടാണ് മോഹന്‍ലാലിന്റെ വാക്കുകളോട് പ്രതികരിച്ചത്. മറ്റ് മത്സരാര്‍ഥികളും ഈ വിവരത്തിന് കൈയടിക്കുന്നുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button