CinemaGeneralLatest NewsMollywoodNEWS

ടോവിനോയെ വിമര്‍ശിച്ചവര്‍ക്ക് സുരാജുമായുള്ള അനുഭവം പകര്‍ന്ന് സഹസംവിധായകന്‍

നടന്മാരിൽ വളരെ കുറച്ച് പേരോട് മാത്രമേ ഇതുവരെ അടുത്ത് ഇടപഴകാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ളൂ

ക്യാമ്പസിലെ കൂവല്‍ വിഷയവുമായി ബന്ധപ്പെട്ടു നടന്‍ ടോവിനോ തോമസ്‌ ചെയ്ത പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവായും പോസിറ്റീവായും വ്യഖാനിക്കപ്പെട്ടിരുന്നു. ടോവിനോ പ്രസംഗിച്ചു കൊണ്ട് നിന്നപ്പോള്‍ കോളേജ് വിദ്യാര്‍ഥിയുടെ കൂവലിനോട്‌ താരം പ്രതികരിച്ച രീതിയാണ്‌ ഏവരെയും അമ്പരപ്പിച്ചത്. വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെട്ട സംഭവമായിരുന്നു വലിയ രീതിയില്‍ വിവാദമായത്. കോളേജ് വിദ്യാര്‍ഥിയെ അനുകൂലിച്ചു കൊണ്ട് ടോവിനോയ്ക്കെതിരെ ട്രോളുകള്‍ നിറയുമ്പോള്‍ അവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലുമായി രംഗത്തെത്തുകയാണ് സഹസംവിധായകന്‍ വിപിന്‍ കൃഷ്ണന്‍.

വിപിന്‍ കൃഷ്ണന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌…

നടൻ ടോവിനോയുമായി ബന്ധപ്പെട്ട കുറെയധികം ട്രോളുകളും വിമർശനങ്ങളും ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. എനിക്ക് ടോവിനോയെ നേരിട്ട് പരിചയമില്ല. നടന്മാരിൽ വളരെ കുറച്ച് പേരോട് മാത്രമേ ഇതുവരെ അടുത്ത് ഇടപഴകാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ളൂ. അതിൽ എന്നെ സ്പർശിച്ച ഒരു അനുഭവം പങ്കുവയ്ക്കാം..

2011 ൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത ഒരു മലയാള സിനിമയുടെ ഷൂട്ടിങ് സെറ്റ്.. സുരാജേട്ടൻ (സൂരാജ് വെഞ്ഞാറമ്മൂട്) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം സെറ്റിൽ വന്ന് രണ്ടു ദിവസം കൊണ്ടുതന്നെ ഞാനുമായി നല്ല കൂട്ടിലായി. അതുകൊണ്ടുതന്നെ സെറ്റിൽ എന്ത് ആവിശ്യം ഉണ്ടെങ്കിലും എന്നോട് ആണ് പറഞ്ഞിരുന്നത്. ഷോട്ട് റെഡി ആകുമ്പോൾ അദ്ദേഹത്തിന്റെ മൊബൈലും മറ്റ് പേഴ്‌സണൽ ഐറ്റംസും ഒക്കെ എന്നെ ഏല്പിച്ചാണ് കാമറയ്ക്ക് മുന്നിലേക്ക് പോയിരുന്നത്..

ഒരു ദിവസം ഷൂട്ടിംഗ് കുറച്ച് നീണ്ടുപോയി. രാത്രി ഏറെ വൈകിയും ഷൂട്ട് നടക്കുകയാണ്. ഔട്ഡോർ ഷൂട്ട് ആയതിനാൽ ഷൂട്ടിംഗ് കാണാൻ ഒരു ജനക്കൂട്ടം തന്നെ അവിടെ നിൽക്കുന്നുണ്ട്.. ആ സമയത്ത്‌ സുരാജേട്ടന് വന്ന ഒരു ഫോണ്കോൾ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയതായി എനിക്ക് തോന്നി.. കുറച്ചു ദിവസത്തെ പരിചയത്തിന്റെ സ്വാതന്ത്ര്യം എടുത്ത് ഞാൻ അദ്ദേഹത്തോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു.

വൈഫ് ആണ് വിളിച്ചത്. മകന് തീരെ സുഖമില്ല, ഹോസ്പിറ്റലിൽ കൊണ്ടുപോകുകയാണ് – എന്ന് പറഞ്ഞു ടെൻഷനോടെ ഇരിക്കുന്ന സുരാജേട്ടന്റെ മുഖം കണ്ടപ്പോൾ ഞാൻ, “കുഴപ്പം ഒന്നും ഉണ്ടാവില്ല, എന്തായാലും ഹോസ്പിറ്റലിലേക്ക് അല്ലെ പോകുന്നത്” എന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു.. “ചെറിയ പ്രശ്നങ്ങൾ വല്ലതുമാണെങ്കിൽ അവൾ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നതാണ്. എന്നെ വിളിച്ച് അറിയിക്കാറില്ല. ഇത് എന്തോ സീരിയസ് ആണെന്നാണ് തോന്നുന്നത്. ഇന്നലെ മുതൽ മോന് കടുത്ത പനി ആണ്. പലതരം പകർച്ച പനികൾ പടർന്നു പിടിക്കുന്നു കാലമാണ്”. ഇത് കേട്ടതോടെ എനിക്കും ടെൻഷൻ ആയി. ടെന്ഷനായ എന്റെ മുഖം കണ്ടപ്പോൾ സുരാജേട്ടന് ടെൻഷൻ കൂടി. അദ്ദേഹം വീണ്ടും വൈഫിനെ ഫോണ് വിളിച്ചു.. അപ്പോഴേക്കും “ഷോട്ട് റെഡി” എന്ന് വിളി വന്നു. ഒരു കോമഡി സീൻ ആണ് അപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. കാമറയ്ക്ക് മുന്നിൽ പോയി കഥാപാത്രമായി കോമഡി അഭിനയിക്കുന്ന സുരാജ് ചേട്ടൻ.. തടിച്ചുകൂടി നിൽക്കുന്ന ജനങ്ങൾ അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ട് ആർത്തു ചിരിക്കുന്നു.. എന്റെ കൈയ്യിൽ ഇരുന്ന അദ്ദേഹത്തിന്റെ മൊബൈൽ ഫോണ് റിംഗ് ചെയ്യുന്നു.. അദ്ദേഹത്തിന്റെ വൈഫ് ആണ്.. റിംഗ് തീരുന്നതിന് മുന്നേ ഷോട്ട് ok ആയി സുരാജേട്ടൻ എത്തി കോൾ അറ്റൻഡ് ചെയ്ത് സംസാരിച്ചു. സുരാജേട്ടൻ നല്ല ടെന്ഷനിൽ ആണ്.

“സുരാജേട്ടാ ഒരു ഫോട്ടോ” – നാലഞ്ചുപേർ സുരാജേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ച് അടുത്തേക്ക് വന്നു. ഫോണ് എന്നെ ഏൽപിച്ചു, ഉള്ളിൽ നല്ല ടെൻഷൻ ആണെങ്കിലും പുറമേ ചിരിച്ചുകൊണ്ട് അവരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് സുരാജേട്ടൻ.. അത് കണ്ട് ഫോട്ടോ എടുക്കാൻ കൂടുതൽ പേര് വരുന്നു. അപ്പോഴേക്കും അടുത്ത ഷോട്ട് റെഡി. കോമഡി സീൻ പോയി അഭിനയിക്കുന്നു.. തിരിച്ചു വന്ന് ടെൻഷനോടെ ഫോണിൽ വിളിച്ച് മോന്റെ കാര്യം അന്വേഷിക്കുന്നു.. ചിരിച്ചു നിന്നും കെട്ടിപ്പിടിച്ചും ആരാധകരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.. പല തവണ ഇത് ആവർത്തിച്ചപ്പോൾ സത്യത്തിൽ എനിക്ക് വല്ലാത്ത വിഷമം ആയി.. ഞാൻ ഫോട്ടോ എടുക്കാൻ വന്നവരെ തടഞ്ഞു. പക്ഷെ സുരാജ് ഏട്ടൻ അവരെ തടയണ്ട എന്ന് പറഞ്ഞ് വീണ്ടും അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖത്തെ വിയർപ്പു തുള്ളികൾക്കിടയിൽ പൊടിഞ്ഞു നിൽക്കുന്ന കണ്ണുനീർ ഒരുപക്ഷേ ഞാൻ മാത്രമായിരിക്കും ശ്രദ്ധിച്ചിരുന്നത്..

ഞാൻ സുരാജേട്ടനോട് ചോദിച്ചു, എങ്ങനെ ഇത് സാധിക്കുന്നു സുരാജേട്ടാ?

സുരാജേട്ടൻ പറഞ്ഞു, “ഇവരൊക്കെ രാത്രി ഇത്രയും ലേറ്റ് ആയിട്ടും, ഇവിടെ ഷൂട്ടിംഗും കണ്ട് നിന്നത് ചിലപ്പോൾ എന്റെ കൂടെ ഒരു ഫോട്ടോ എടുക്കാം എന്നും കൂടെ കരുതിയിട്ട് ആയിരിക്കും.. അവർ എനിക്ക് തന്ന സ്നേഹവും സപ്പോർട്ടും ആണ് ഇന്ന് എന്നെ ഇവിടം വരെ എത്തിച്ചത്. ആ അവർക്ക് വേണ്ട ഒരു ഫോട്ടോയ്ക്ക് നിന്നു കൊടുക്കാൻ പറ്റാതിരുന്നാൽ അവർക്ക് അത് എത്ര മാത്രം വിഷമം ആകും എന്ന് ഓർത്തു നോക്കിക്കേ?
എന്നെ സ്നേഹിക്കുന്നവർക്കിടയിൽ സുരാജ് ഒരു ജാഡക്കാരനാണ് എന്ന ഒരു സംസാരം ഒരിക്കലും ഉണ്ടാകരുത്. പിന്നെ, ഇപ്പോഴത്തെ എന്റെ വിഷമം.. അതിപ്പോ തൽക്കാലം നമ്മൾ മാത്രം അറിഞ്ഞാൽ മതി..”

അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഇതുപോലെ പ്രവർത്തിക്കുമോ എന്ന് ഞാൻ ആലോചിച്ചു.. ഇല്ല, ജാഡക്കാരൻ എന്നല്ല, എന്ത് പേര് വീണാലും ഇതുപോലെ നെഞ്ചിൽ തീയും മുഖത്ത് പുഞ്ചിരിയുമായി ജനങ്ങളോട് പെരുമാറാൻ എനിക്ക് സാധിച്ചേക്കില്ല.. അത് സുരാജേട്ടനെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്..

എത്ര വലിയ സൂപ്പർ താരമോ ആയിക്കൊള്ളട്ടെ, സിനിമാക്കാരും സാധാരണ മനുഷ്യരാണ്. നമുക്കുള്ളതുപോലെ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും അവരും ദിവസവും നേരിടുന്നുണ്ടാകും. എന്നാൽ നമുക്ക് അതൊന്നും അറിയാൻ താത്പര്യമില്ല.. അറിയേണ്ട കാര്യവുമില്ല. നമുക്ക് അവരുടെ കൂടെ നിന്ന് ഒരു സെൽഫി കിട്ടിയാൽ മതി.. അത് കിട്ടിയില്ലെങ്കിൽ അയാൾ നമുക്ക് വല്യ ജാഡക്കാരൻ ആണ്… ജാഡത്തെണ്ടിയാണ് അല്ലെ? എല്ലാ തവണയും ചിരിച്ചു ഒഴിവാക്കി വിടുന്ന കൂവലിനെതിരെ ഒരേയൊരു തവണ ഒന്ന് പ്രതികരിച്ചുപോയാൽ പാൽക്കുപ്പി ആണ്.. തോൽവിനോ ആണ്.. അല്ലെ? എന്നാണ് നമ്മൾ മറ്റുള്ളവരുടെ ഭാഗത്തുനിന്ന് കൂടി കാര്യങ്ങൾ നോക്കിക്കാണാൻ പഠിക്കുന്നത്?

shortlink

Related Articles

Post Your Comments


Back to top button