നീണ്ട ഇടവേളക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാൻസ്.’ ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ഈ ചിത്രത്തിന് പുതുമകൾ ഏറെയാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് ‘ട്രാൻസി’ന് വേണ്ടിയാണ്.
ട്രാൻസിന്റെ ടീസറും ഗാനങ്ങളുമെല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു. ചിത്രത്തിന്റേതായി പുറത്തുവരുന്ന പോസ്റ്ററുകൾ വളരെ വേഗം വൈറലാകുന്നുമുണ്ട്. അത്തരത്തിൽ ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രാൻസിന്റെ പോസ്റ്ററിൽ ഫഹദ് ഫാസിലും നസ്രിയയുമാണ് ഉള്ളത്. പോസ്റ്ററിൽ നസ്രിയ മുഖത്ത് വച്ചിരിക്കുന്ന ഗ്ലാസ്സാണ് പോസ്റ്ററിന്റെ പ്രതേകത. കൂളിംഗ് ഗ്ലാസ്സിന്റെ ഒരു ചില്ല് വട്ടത്തിലും മറ്റൊന്ന് ചതുരാകൃതിയിലുമാണ്. ഒപ്പം കട്ട താടിയിൽ മൈക്കും കൈയിൽ പിടിച്ചുനിൽക്കുന്ന ഫഹദും. എന്തായാലും പോസ്‌റ്ററിലെ ഈ വ്യത്യസ്തത ഓൺലൈൻ ആരാധകർ ചർച്ച ചെയ്തു തുടങ്ങി.
‘ട്രാൻസി’ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്.തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ട്രാൻസിൽ അണിനിരക്കുന്നു.
‘ട്രാൻസി’ന്റെ ടൈറ്റിൽ ട്രാക്ക് ചെയ്തിരിക്കുന്നത് വിനായകനാണ്. ‘എന്നാലും മത്തായിച്ചാ…’ എന്ന ഗാനം പാടിയിരിക്കുന്നത് സൗബിൻ ഷാഹിർ ആണ്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.ചിത്രം ഫെബ്രുവരി 14ന് തീയേറ്ററിൽ എത്തും.
Post Your Comments