ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി നസ്രിയയും എത്തുന്നു. എസ്തര് ലോപ്പസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ആദ്യമൊരു നായികാ കഥാപാത്രമില്ലായിരുന്നു എന്നാണ് അന്‍വര്‍ പറയുന്നത്.
‘’സത്യം പറഞ്ഞാല്‍ ട്രാന്‍സില്‍ ആദ്യമൊരു നായിക കഥാപാത്രമില്ലായിരുന്നു. നായകന് മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ കുറേ മുന്നോട്ടു പോയിക്കഴിഞ്ഞപ്പോഴാണ് ഒരു മെയില്‍ ഫീമെയില്‍ ലീഡുണ്ടാകേണ്ടത് ശരിക്കും ഒരു സിനിമയുടെ വിജയത്തിന് ആവശ്യമല്ലേയെന്ന് തോന്നിയത്. അങ്ങനെയാണ് ട്രാന്‍സില്‍ ഒരു പ്രധാന സ്ത്രീകഥാപാത്രം വരുന്നത്.’’ അൻവർ പറഞ്ഞു.
‘ഫഹദിനും നസ്രിയയ്ക്കും ഒരുമിച്ചൊരു സിനിമ ചെയ്യണമെന്നൊരു താല്‍പ്പര്യമുണ്ടായിരുന്നു. കംഫര്‍ട്ടബിളായ ഒന്നാണെങ്കില് മാത്രമേ ചെയ്യുകയുള്ളു എന്നവര്‍ തീരുമാനിച്ചിരുന്നു. നമ്മളോട് അവര്‍ താല്‍പ്പര്യമറിയിച്ചു. ആലോചിച്ചപ്പോള്‍ ട്രാന്‍സിലെ ലീഡ് നസ്രിയ ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. നസ്രിയ ഇതുവരെ ചെയ്തിട്ടുള്ളതു പോലെ കുട്ടിത്തവും നിഷ്കളങ്കതയുമുള്ള കഥാപാത്രമില്ല ഇതിലുള്ളത്. കുറച്ച് മാറിയിട്ടുള്ള ഒരു കഥാപാത്രം. നസ്രിയയ്ക്കും അത് ചെയ്യാന്‍ താല്പ്പര്യമായിരുന്നു.’ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അൻവർ റഷീദ് പറഞ്ഞു.
ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഫഹദിനൊപ്പം വിനായകന്, ഗൗതം വാസുദേവ് മേനോന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്മജന്, അശ്വതി മേനോന്, ദിലീഷ് പോത്തന്, വിനീത് വിശ്വന്, ചെമ്പന്‍ വിനോദ്, അര്ജുന് അശോകന്, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ് വിജയന് സംഗീതം നല്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments