മമ്മൂട്ടിക്ക് ഏറ്റവും വിശ്വാസമുള്ള സംവിധായകരില്‍ ഒരാളാണ് ജോഷി അതെ വിശ്വാസം മമ്മൂട്ടി ലോഹിതദാസ് എന്ന എഴുത്തുകാരനിലും നല്‍കിയിരുന്നു അത് കൊണ്ടാണ് കുട്ടേട്ടന് എന്ന ഇതേ കൂട്ടുകെട്ടിന്റെ സിനിമ പരാജയമായിട്ടും രണ്ടു വര്‍ഷം തികയും മുന്‍പേ ഇതേ ടീം മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മൂഹൂര്‍ത്തങ്ങള്‍ നിറഞ്ഞു നിന്ന കൗരവര്‍ എന്ന ചിത്രമാണ് അന്നത്തെ മലയാള സിനിമയുടെ പുതിയ വിജയ ചരിത്രമായത്.
ഫാമിലി ഇമോഷനില്‍ നിന്നും ആക്ഷനില്‍ നിന്നും മമ്മൂട്ടി കോമഡിയിലേക്കും ചുവടുമാറിയപ്പോഴായിരുന്നു കുട്ടേട്ടന്റെയും വരവ്. മമ്മൂട്ടിയുടെ വിജയ ചിത്രമായ കോട്ടയം കുഞ്ഞച്ഛന് താരത്തിന്റെ ഹ്യൂമര്‍ ശൈലിക്ക് തുടക്കമിട്ടപ്പോള്‍ അതേ ഹ്യൂമറിന്റെ നൂല് പിടിച്ച് മമ്മൂട്ടി വീണ്ടുമെത്തിയ സിനിമയായിരുന്നു കുട്ടേട്ടന്. വിഷ്ണു നാരായണന് എന്ന മമ്മൂട്ടിയുടെ പൂവാലന് കഥാപാത്രമായിരുന്നു കുട്ടേട്ടന് എന്ന സിനിമയുടെ ഹൈലൈറ്റ്. ലോഹിതദാസിന്റെ സ്ഥിരം രചനകളില്‍ നിന്ന് അല്പം മാറി സഞ്ചരിച്ച കുട്ടേട്ടന് ബോക്സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയ സിനിമയായിരുന്നു, കുട്ടേട്ടന് എന്ന സിനിമയുടെ പരാജയം മമ്മൂട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു.അതിനു പ്രായശ്ചിത്തമെന്നോണം മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരമായിരുന്നു ഇതേ ടീം കൗരവറിന് വേണ്ടി വീണ്ടും ഒന്നിച്ചത്. ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ പ്രതിഭ മിന്നിത്തിളങ്ങിയ കൗരവര്‍ പ്രമുഖ കേന്ദ്രങ്ങളില്‍ ഇരുനൂറ്റി അന്‍പത് ദിവസങ്ങള്‍ പിന്നിട്ടാണ് മലയാള സിനിമയുടെ അഭിമാനമയത്.
Post Your Comments