CinemaGeneralMollywoodNEWS

സുധീഷ്‌ വരാതിരുന്നാല്‍ വേഷം ദിലീപിന്, സന്തോഷത്തോടെ ദിലീപ് തയ്യാറെടുത്തപ്പോള്‍ എല്ലാം തകിടം മറിഞ്ഞു:സിനിമയില്‍ ദിലീപിന്‍റെ അവസരം നഷ്ടമായ കഥ പറഞ്ഞു ലാല്‍ ജോസ്

മാധവിയുടെ സഹോദരന്റെ വേഷത്തില്‍ സുധീഷ്‌ ആയിരുന്നു

കമലിന്റെ സഹസംവിധായകരായി സിനിമയില്‍ തുടക്കം കുറിച്ച ലാല്‍ ജോസും ദിലീപും പണ്ടുമുതല്‍ക്കെ ഉറ്റ സുഹൃത്തുക്കളായിരുന്നു. സംവിധാനത്തിനപ്പുറം അഭിനയിക്കുക എന്ന ലക്ഷ്യവുമായി എത്തിയ ദിലീപിന്റെ ആദ്യത്തെ ജോലി ക്യാമറയ്ക്ക് പിന്നിലായിരുന്നു. ‘വിഷ്ണു ലോകം’ ഉള്‍പ്പടെയുള്ള സിനിമകളില്‍ കമലിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ദിലീപിന്, ലാല്‍ ജോസ് അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്ത സുദിനം എന്ന സിനിമയില്‍  അഭിനയിക്കാന്‍ ഒരവസരം ലഭിച്ചിരുന്നു. ജയറാം നായകനായ സുദിനത്തിന്റെ സംവിധായകന്‍ നിസാര്‍ ആയിരുന്നു. ആ സിനിമയെ സംബന്ധിച്ചുള്ള വലിയ ട്വിസ്റ്റ്‌ ലാല്‍ ജോസ് വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍ത്തെടുക്കുകയാണ്.

‘ജയറാമേട്ടന്‍ നായകനായ സുദിനത്തില്‍ ഞാന്‍ ആയിരുന്നു നിസാര്‍ ഇക്കയുടെ അസോസിയേറ്റായി വര്‍ക്ക് ചെയ്തത്. മാധവി ആയിരുന്നു ചിത്രത്തിലെ നായിക. മാധവിയുടെ സഹോദരന്റെ വേഷത്തില്‍ സുധീഷ്‌ ആയിരുന്നു. പക്ഷെ എന്തോ കാരണം കൊണ്ട് സുധീഷിന് പറഞ്ഞ സമയത്ത് ലൊക്കേഷനില്‍ എത്താന്‍ സാധിച്ചില്ല. സുദിനത്തില്‍ ദിലീപിന് നേരത്തെ ഒരു ചെറിയ വേഷം പറഞ്ഞുവെച്ചിരുന്നു. സുധീഷിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായുള്ള ഒരു കഥാപാത്രമായിരുന്നു ദിലീപ് ചെയ്തത്. സുധീഷ്‌ ഇനി വരില്ലെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ നായികയുടെ സഹോദരന്റെ വേഷം ദിലീപ് ചെയ്യട്ടെ എന്ന് സംവിധായകര്‍ ഉള്‍പ്പടെ തീരുമാനമെടുത്തു. ചിത്രത്തില്‍ സുധീഷ്‌ ചെയ്യാനിരുന്ന മുഖ്യമായ റോള്‍ ആണ് തനിക്ക് ലഭിച്ചതെന്നറിഞ്ഞു ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എല്ലാ തയ്യാറെടുപ്പോടെയും ദിലീപ് ഷോട്ടിനു റെഡിയായപ്പോള്‍ അതാ ദൂരെ നിന്നും പൊടി പറത്തികൊണ്ട് ഒരു വെള്ള അംബാസിഡര്‍ കാര്‍ അവിടേക്ക് വന്നു നിന്നു അത് സുധീഷായിരുന്നു,അങ്ങനെ ദിലീപിന് ആദ്യമായി കിട്ടിയ നല്ലൊരു അവസരം അവിടെ ഇല്ലാതായി’.

(ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പങ്കുവെച്ചത്)

shortlink

Related Articles

Post Your Comments


Back to top button