നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജു വാര്യർ ഇപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ്. തമിഴിലും തന്റെ അഭിനയ മികവ് തെളിയിച്ച മഞ്ജുവിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്.
അടുത്ത ചിത്രത്തിൽ മഞ്ജു വാര്യർ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവുന്നു. എം. മുകുന്ദൻ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യാഭർത്താക്കന്മാരായി എത്തുന്നത്. ആദ്യമായാണ് മഞ്ജു സുരാജിന്റെ നായികയാവുന്നത്.
അലസനായ സജീവൻ എന്ന ഓട്ടോതൊഴിലാളിയാണ് ഈ കഥയിലെ നായകൻ. കടം വാങ്ങിയും പണിയെടുക്കാൻ മടിച്ചും ജീവിക്കുന്ന സജീവന്റെ ജീവിതത്തിൽ രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥയുടെ പ്രമേയം. സജീവനിൽ നിന്നും രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാൻ തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്. എന്നാൽ സിനിമക്കായി കഥയിൽ കൂട്ടിച്ചേർക്കലുകൾ നടന്നേക്കും എന്നാണ് പ്രതീക്ഷ. മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ക്ലിന്റ് എന്ന സിനിമയ്ക്കു ശേഷം ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Post Your Comments