സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രമാണ് നയന്‍താര എന്ന നായികയെ മലയാളത്തിനു പരിചയപ്പെടുത്തിയത്. പിന്നീടു മലയാളത്തില്‍ നിന്ന് വിട്ടുമാറി തമിഴ് സിനിമകളില്‍ കളംനിറഞ്ഞ താരം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രഥമ താരമൂല്യമുള്ള നായികയെന്ന പേര് പടുത്തുയര്‍ത്തി. സത്യന്‍ അന്തിക്കാട് നയന്‍താരയെ മനസ്സിനക്കരെ എന്ന സിനിമയില്‍ വിളിക്കും മുന്‍പേ സംവിധായകന്‍ വിനയനായിരുന്നു നയന്‍താരയ്ക്ക് സിനിമയില്‍ ആദ്യ അവസരം നല്‍കാനിരുന്നത്.
ജയസൂര്യ ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു വിനയന്‍റെ ‘ഊമപെണ്ണിന് ഉരിയാടപയ്യന്‍’. ഊമ വേഷത്തിലാണ് ജയസൂര്യയും നായിക കാവ്യ മാധവനും ചിത്രത്തില്‍ അഭിനയിച്ചത്. ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ നായിക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ സ്റ്റാറായ നയന്‍താരയെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് വിനയന്‍, കഥാപാത്രത്തിന് യോജ്യമാകില്ലെന്നു തോന്നിയത് കൊണ്ട് മറ്റൊരു നായികയെ അന്വേഷിച്ചപ്പോള്‍ അത് കാവ്യ മാധവനില്‍ എത്തിയതാണെന്നും വിനയന്‍ പറയുന്നു.
അന്ന് ഡയാന എന്ന പേരുള്ള നയന്‍താര ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയുടെ സ്ക്രീന്‍ ടെസ്റ്റില്‍ പങ്കെടുത്തിരുന്നു. പക്ഷെ ഈ കഥാപാത്രം ചെയ്യാന്‍ നയന്‍താരയെ പോലെ ഒരു പുതുമുഖത്തെ പരീക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കാവ്യ മാധവന്‍ ചിത്രത്തിലേക്ക് വരികയായിരുന്നു. ‘ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലും കാവ്യയാണ് നായികായി അഭിനയിച്ചത്. പ്രതിനായകന്റെ റോളിലെത്തിയ നടന്‍ ഇന്ദ്രജിത്തിന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു 2002-വിഷുക്കാലത്ത് സൂപ്പര്‍ ഹിറ്റായ ഈ വിനയന്‍ ചിത്രം.
Post Your Comments