താന്‍ ഒരിക്കൽ പറഞ്ഞ അപ്രിയസത്യം മോഹന്‍ലാലും ശരിവച്ച കഥ സദസ്സിനോട് പങ്കുവച്ച് മന്ത്രി എകെ ബാലന്. നേരത്തെ മോഹന്‍ലാലും താനും ഒന്നിച്ചുണ്ടായിരുന്ന പരിപാടിയെ കുറിച്ച് പറഞ്ഞാണ് മന്ത്രി ആ അപ്രിയ സത്യത്തിന്റെ കഥ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ദാനചടങ്ങിന്റെ വേദിയില്‍ പങ്കുവച്ചത്.
അന്ന് മോഹന്‍ലാല്‍ വന്നപ്പോഴേ കയ്യടികളും ആര്‍പ്പുവിളികളുമായിരുന്നു. തന്റെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ എന്ന പേര് പറയുമ്പോഴെല്ലാം കടലില്‍ തിരയടിച്ചു വരുംകണക്ക് കയ്യടികളുയര്‍ന്നു. പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തില്‍ മോഹന്‍ലാലിനടുത്ത് ഇരുന്നപ്പോൾ ഒരു അപ്രിയസത്യം പറയട്ടെ എന്ന മുഖവുരയോടെ മോഹന്‍ലാലിനോട് ഞാൻ പറഞ്ഞു.
ഒരുകാലത്ത് സത്യനും നസീറും ഇതുപോലെ കയ്യടികളായിരുന്നു. പക്ഷെ അവര്‍ക്ക് ഒരു സ്മാരകത്തിനു പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. കലാകാരന്മാരുടെ ജീവിതം അങ്ങനെയാണെന്ന് മോഹന്‍ലാലും ശരിവച്ചതായി മന്ത്രി പറഞ്ഞു.
സത്യനും നസീറും സ്മാരകം നിര്‍മ്മിക്കാന്‍ ഈ സര്‍ക്കാര്‍ വരേണ്ടി വന്നു എന്ന് അവകാശപ്പെട്ട മന്ത്രി സത്യനെ കാണാന്‍ ചെറുപ്പത്തില്‍ കിലോമീറ്ററുകളോളം നടന്നുപോയതും ഓര്‍മ്മിച്ചു. ഒരു മിന്നായം പോലെമാത്രം അദ്ദേഹത്തെ കണ്ടു നിരാശനായി മടങ്ങേണ്ടിവന്നു. പക്ഷെ ആ സത്യന്റെ അന്ധരായ മക്കള്‍ അച്ഛന് ഒരു സ്മാരകം ഇല്ലെന്നുപറഞ്ഞ് വിതുമ്പി. തുടര്‍ന്ന് സ്മാരകത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് പുറത്തുള്ള ഒരാളുടെ പേര് നല്കാന് നിശ്ചയിച്ചിരുന്ന സമുച്ചയത്തിന് സത്യന്റെ പേര് നല്കാന് പെട്ടന്നെടുത്ത തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ ആരാധകരായ പലരും സന്തോഷം കൊണ്ട് കരയുകയായിരുന്നുവെന്നും മന്ത്രി ഓര്‍മ്മിച്ചു.
Post Your Comments