
‘മുന്തിരി മൊഞ്ചൻ’ എന്ന മലയാള ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് വിജിത് നമ്പ്യാർ. സംഗീതജ്ഞൻ കൂടിയായ വിജിത് നമ്പ്യാർ തന്റെ ആദ്യ സിനിമയുടെ ഗാനങ്ങളും അണിയിച്ചൊരുക്കിയിരുന്നു. സംഗീതം സപര്യയായ വിജിത്തിന്റെ അടുത്ത ചിത്രം സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം ആസ്‌പദമാക്കിയാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകും എന്ന സൂചനയും വിജിത് നൽകുന്നു.
ഈ സിനിമയിൽ നായക വേഷം ചെയ്യുന്നത് മോഹൻലാൽ ആണെന്നതിന് ആക്കം കൂട്ടുന്ന തരത്തിൽ ഒരു ചിത്രം ഫേസ് ബൂക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് വിജിത്. ചെമ്പൈ ആയി മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാവുമെന്ന പ്രേക്ഷകരുടെ ആകാംഷയെ തൃപ്തിപ്പെടുത്തുന്നതാണ് ഈ ചിത്രം. ഒരു പെയിന്റിംഗ് പോലെ തോന്നിയേക്കാമെങ്കിലും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഇത് തന്നെ ധാരാളം. ”ലോക സംഗീത പ്രതിഭയുടെ ജീവിതം നൂറ്റിയൊന്ന് ശതമാനം നീതി പുലർത്താൻ പറ്റിയ അതുല്യ അഭിനയ കലയുടെ ഒരേയൊരു മൂർത്തി ഭാവം.” എന്നൊരു അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments