
ദീപിക പദുകോണ്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളായി മാറിയ ചിത്രമാണ് ഛപാക്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദീപികയ്ക്ക് മുമ്പ് മലയാളത്തില്‍ പാര്‍വതി തിരുവോത്ത് ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവിയായി എത്തിയിരുന്നു. ഉയരെയിലായിരുന്നു പാര്‍വതി ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയായി എത്തിയത്.
ഇപ്പോഴിതാ ഛപാക് കണ്ട ശേഷമുള്ള തന്‍റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി. ഉയരെ ചെയ്യുമ്പോള്‍ തനിക്കുണ്ടായിരുന്നു ഫീലിനോട് ഉപമിക്കുകയാണ് പാര്‍വ്വതി ഛപാക് കണ്ട ശേഷമുള്ള അവസ്ഥയെ. ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാല്‍തിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് പാര്‍വതി പറയുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. മാല്‍തിയുടെ യാത്രയോട് ഇത്രമേല്‍ ചേര്‍ന്നു നിന്നതിന് ദീപികയോടും മേഘ്നയോടും നന്ദി പറയുന്നതായും പാര്‍വതി അറിയിച്ചു. അതേസമയം, ആസിഡ് ഇന്നും രാജ്യത്ത് അനായാസം ലഭ്യമാണെന്നും എല്ലാ വര്‍ഷവും നീരവധി ജീവനുകളാണ് നമുക്ക് നഷ്ടമാകുന്നതെന്നു മറക്കാതിരിക്കണമെന്നും പാര്‍വതി പറയുന്നു. താനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നമുക്ക് നമ്മള്‍ മാത്രമേയുള്ളുവെന്നു പറഞ്ഞാണ് പാര്‍വതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments