തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് സുചി ലീക്ക്സ്. ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നത് വലിയ വിവാദമായിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വെളിപ്പെടുത്തലുമായി താരം എത്തുകയും സുചിത്രയ്ക്ക് മനോരോഗമാണെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു. നടന് ധനുഷ്, അമല പോള്‍, കാര്‍ത്തിക് തുടങ്ങിയ താരങ്ങള്‍ സുചി ലീക്ക്സ് ഹാഷ്ടാഗില് ഉള്‍പ്പെട്ടിരുന്നു. ചെന്നൈയില്‍ ഒരു വിരുന്നില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചുവെന്നും നടന്റെ യഥാര്‍ഥ മുഖം ലോകത്തിന് തുറന്നു കാട്ടുമെന്നും വെല്ലുവിളിച്ചായിരുന്നു ട്വിറ്റര്‍ പോസ്റ്റ്. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ സംഭവത്തില്‍ വിശദീകരണവുമായി എത്തുകയാണ് സുചിത്ര.
“ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന നടനാണ് ധനുഷ്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച നടന്. ഈയിടെ അസുരന് എന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. എത്ര മനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. എത്ര നീചമായാണ് ഹാക്കര്‍ എന്റെ പേരില്‍ അദ്ദേഹത്തിനെതിരേ ആരോപണമുയര്‍ത്തിയത്. ധനുഷ്, അനിരുദ്ധ് എന്നിവര്‍ എന്നെ ബലാത്സംഗം ചെയ്തു എന്നൊക്കെയാണ് അയാള്‍ എഴുതിയത്,”സുചിത്ര പറഞ്ഞു.
യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ തന്നെപ്പോലൊരു സ്ത്രീ ട്വിറ്ററില്‍ എഴുതുകയില്ല മറിച്ച് സംഭവിച്ച ഉടന്‍ തന്നെ തക്കതായ നടപടികള്‍ സ്വീകരിക്കുമായിരുന്നെന്നും സുചിത്ര പറയുന്നു. “സിനിമയിലെ സ്വകാര്യമായ പല ദൃശ്യങ്ങളും ഹാക്കര്‍ പുറത്ത് വിട്ടു. അയാള്‍ എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങള്‍ എല്ലാവരും അതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഞാനടക്കം ഒരുപാട് പേരുടെ ജീവിതത്തെ അത് ബാധിച്ചു”, സുചിത്ര കൂട്ടിച്ചേര്‍ത്തു.
Post Your Comments