സിദ്ധിഖ് – ലാല്‍ ടീം തിരക്കഥ നിര്‍വഹിച്ച ആദ്യത്തെ സിനിമയായിരുന്നു ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’. 1986-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, റഹ്മാന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. തങ്ങളുടെ ആദ്യ സിനിമ എന്ത് കൊണ്ട് പരാജയപ്പെട്ടു എന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ സിദ്ധിഖ്.
യഥാര്‍ത്ഥത്തില്‍ നടക്കുന്നതാണ് സിനിമ എന്ന് അന്നത്തെ കാലത്ത് പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. ഒരിക്കലും സിനിമ എന്നാല്‍ റിയാലിറ്റി അല്ല. അത് ഒരാളുടെ ചിന്തയാണ് അവിടെ എന്തും പറയാം. ചില ആളുകള്‍ സിനിമ കണ്ടിട്ട് പറയുന്നത് കേട്ടിട്ടുണ്ട്. ഈ കഥയൊക്കെ എവിടെയെങ്കിലും നടക്കുന്നതാണോ? എന്ന്. സത്യത്തില്‍ അങ്ങനെ എവിടെയും നടക്കുന്ന കഥ മാത്രമല്ല സിനിമയില്‍ പറയുന്നത്. ഇത് നടന്നേക്കാം എന്നുള്ള തോന്നിപ്പിക്കലാണ് സിനിമ. നടക്കുന്ന കാര്യങ്ങള്‍ എടുക്കാന്‍ ആണെങ്കില്‍ ഡോക്യുമെന്ററി ചെയ്‌താല്‍ മതി. ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ കാലത്തിനു മുന്‍പേ പിറന്ന സിനിമയായിരുന്നു. ‘മരണം’ എന്ന സംഭവത്തില്‍ നിന്ന് ഉണ്ടാക്കിയെടുത്ത ഹ്യൂമര്‍ ആയിരുന്നു അതിന്റെ ആശയം. അത് അന്നത്തെ പ്രേക്ഷകര്‍ വിചിത്രമായി കണ്ടു. തുടക്കാര്‍ എന്ന നിലയില്‍ ഞങ്ങളുടെ എഴുത്തിന്റെ പാളിച്ചയും ആ സിനിമയില്‍ നിഴലിച്ചിരുന്നു. ഈ രണ്ടു കാരണങ്ങളാകാം അത്തരമൊരു ബിഗ് ബജറ്റ് സിനിമ പരാജയത്തിലേക്ക് വീണു പോയത്’. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് വ്യക്തമാക്കുന്നു.
Post Your Comments