മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി സോഷ്യല്‍ മീഡിയിലും ചില ചിന്തിപ്പിക്കുന്ന ഒരുപാട് അര്‍ത്ഥവത്തായ എഴുത്തുകളുമായി സജീവമാകാറുണ്ട്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന ചില കുറിപ്പുകള്‍ ഏറെ ശ്രദ്ധേയമാണ് . കഴിഞ്ഞ ദിവസം ബസ്സ് യാത്രക്കാര്‍ക്ക് സീറ്റില്‍ ഇരിക്കാനുള്ള വെപ്രാളത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു രഘുനാഥ് പലേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗം ആരംഭിച്ചത്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
രാത്രി നേരം.
കാഞ്ഞങ്ങാട് നിന്നും കോയമ്പത്തൂർക്ക് വരണം. കാഞ്ഞങ്ങാട് പ്രിയപ്പെട്ടൊരു ഡോക്ടർ ചങ്ങാതിയുണ്ട്. സദാ പുഞ്ചിരിക്കുന്നൊരു ഹോമിയോ ഡോക്ടർ. വാക്കുകൾക്ക് നാലുമണിപ്പൂക്കളുടെ വിത്തുകൾ പൊട്ടുന്ന ശബ്ദമാണ് ഡോക്ടർ.സംസാരിക്കുമ്പോൾ .
തെളിഞ്ഞ അക്ഷര സ്ഫുടതയോടെ ഡോക്ടർ.ഓരോ വാക്കും എന്നിലേക്ക് പറത്തും. എന്താ പറഞ്ഞതെന്ന് ഒരിക്കലും ചോദിക്കേണ്ടി വന്നിട്ടില്ല. സ്മിതക്കുള്ള കുറച്ചു മരുന്നുകൾ പൊതിഞ്ഞെ ടുക്കാനാണ് ഒരു തവണ ഡോക്ടർനെ കാണാൻ കാഞ്ഞങ്ങാട് വന്നത്. സ്മിത എന്റെ ഭാര്യയാണ്. അവളെ ”എന്റെ മക്കളുടെ അമ്മ” എന്നാണ് മിക്കവർക്കും ഞാൻ പരിചയപ്പെടുത്താറ്. അങ്ങിനൊരു ആദരം നൽകുമ്പോൾ ആ നേരം മക്കളുടെ സാന്നിദ്ധ്യവും ഞങ്ങൾക്കിടയിൽ പരിലസിക്കുന്നത് അനുഭവപ്പെടാറുണ്ട്. ഏത് ചിന്തകൾക്കും അതിനെ പൊതിഞ്ഞു നിൽക്കുന്നൊരു ആനന്ദ ഭാവം ഉണ്ട്. വേദനിക്കുന്ന ഓർമ്മകളിൽപോലും ആ വേദനയോടൊപ്പം ചേർത്തു വെക്കാൻ സാധിക്കുന്നൊരു ആനന്ദവും അതിനൊപ്പം കിട്ടിയിട്ടുണ്ടാവും. അത് കണ്ടെത്താനുള്ള ഉൾക്കാഴ്ച്ച ഉണ്ടായാൽ, ആ വേദനയും മനസ്സ് പൊള്ളിക്കാതെ നമുക്ക് ഓർക്കാൻ കഴിയും.
ഈ തോന്നലുകൾ എല്ലാം എന്റെ ഒരോ കൗതുകമായി കണ്ടാൽ മതി. അത്തരം ചെറു കൗതുകങ്ങളാണ് ജീവിതത്തിന് ഭംഗിയും ആദ്രതയും നൽകുന്ന ജീവനാഡീ വേരുകൾ. അവ യാഥാവിധി പ്രകാശിച്ചു നിന്നില്ലെങ്കിൽ ജീവനും ഉഷാറുണ്ടാവില്ല. ശരീരത്തിനു മാത്രമല്ലല്ലൊ ജീവൻ ഉള്ളത്. അതിനു ചുറ്റും പരിലസിച്ചു നിൽക്കുന്ന അദൃശ്യ പ്രഭാവലയത്തിനും ജീവനുണ്ട്. പ്രഭാവലയം മങ്ങി നിന്നാൽ ശരീരവും മങ്ങും. മനസ്സ് ചത്തും പോകും. എന്തോ, മനസ്സ് ചത്തുപോകുന്നത് എനിക്കിഷ്ടമല്ല. കാരണം, മനസ്സോളം എന്നെ സ്‌നേഹിക്കുന്ന മറ്റൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല.
അന്ന് മരുന്നുകൾ പൊതിഞ്ഞു വാങ്ങിയ പ്പോഴേക്കും സന്ധ്യയായി. ഡോക്ടർ എന്നെ പോകാൻ വിട്ടില്ല.
”കിട്ടുന്ന ബസ്സോ തീവണ്ടിയോ കയറിയങ്ങ് വീട് പിടിച്ചാലെ ഉദയത്തിനു മുൻപേ വീട്ടിൽ എത്തൂ.”
”അങ്ങിനാണെങ്കിൽ കാസർഗോഡ് നിന്നും വരുന്നൊരു മിന്നൽ ബസ്സുണ്ട്..”
കെഎസ്ആർടിസി പുതുതായി തുടങ്ങിയൊരു ബസ്സാണ് മിന്നൽ. മിന്നലെങ്കിൽ മിന്നൽ.
പക്ഷെ ഈ സമയത്ത് ഇനി ഇരിപ്പിടം ഉണ്ടെങ്കിലേ കിട്ടൂ. ടിക്കറ്റ് നേരത്തെ എടുക്കാനുള്ള സമയം കഴിഞ്ഞു.
”സീറ്റ് ഉണ്ടെങ്കിൽ കയറാം ഇല്ലെങ്കിൽ ഉള്ളപ്പോൾ കയറാം. ഞാനേതായാലും വിടും.”
ബസ്സ് നിൽക്കുന്നിടത്ത് രാത്രിയുടെ മങ്ങിയ വെളിച്ചത്തിനൊപ്പം സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളുമായി വേറെയും രാത്രി സഞ്ചാരികൾ. രാത്രി നേരം നഗരത്തിന് ഒരു മൂകത തോന്നും. ചെറിയ ആൾക്കൂട്ടം ഉണ്ടെങ്കിൽ തൊട്ടടുത്ത് ഒരാൾ കാപ്പിയോ ചായയോ വിറ്റുകൊണ്ടിരിക്കും. അവസാന യാത്രാ വാഹനവും അകലും വരെ ചെറു ഉറക്കച്ചടവും വീട്ടിലെ ചിന്തകളുമായി ആളുകൾ നിന്നിടം തന്നെ ഇടംവലം നടക്കും. ഉറങ്ങിപ്പോകുന്ന കുഞ്ഞുങ്ങളുടെ ഭാരം അറിയാതെ അമ്മമാരും ചേച്ചിമാരും അവരെ എടുത്തെടുത്ത് തളരും. എപ്പോൾ വരുമെന്നും, വന്നാൽ ഇരിപ്പിടം ഉണ്ടാകുമോ എന്ന് ഉറപ്പു തരാത്തതുമായ ബസ്സുകൾ കാത്ത് നിൽക്കുന്നത് സാധാരണക്കാരുടെ ജീവിതത്തിലെ വല്ലാത്തൊരു വേദനയാണ്.
അപ്പോഴാണ് ബസ്സ് വരുക. മിക്ക ബസ്സുകളും അവരെയും വിട്ട് കുറച്ചു മുന്നോട്ട് ഓടിയാണ് നിർത്താറ്. അങ്ങിനെ ചെയ്യുന്നത് അവരുടെ സുരക്ഷ ഓർത്താണെന്ന് ഒരിക്കൽ ഒരു ബസ്സ് ഡ്രൈവർ എന്നോട് പറഞ്ഞിട്ടുണ്ട്. കാത്തുനിൽക്കുന്നവർക്ക് നമ്മുടെ നാട്ടിൽ എന്തു കൊണ്ടോ ഔചിത്യമില്ല. അവർ ഒന്നടങ്കം ഓടിവരുന്ന ബസ്സിന്റെ വാതിൽക്കലേക്ക് ഓടി വരും. ആരെങ്കിലും ഇറങ്ങും മുൻപു തന്നെ ചാടിക്കയറും. ബസ്സ് നിറയെ ആളുകൾ ഉണ്ടെങ്കിലും തുരപ്പനെപ്പോലെ തുരന്നു തുരന്ന് അകത്തേക്കോടും. കറങ്ങി ഓടുന്ന ടയറുകൾക്ക് നേരെ യാതൊരു മുൻകരുതലും ഇല്ലാതെ ഓടിവരുന്ന ആ ആൾക്കൂട്ടത്തിന്റെ തലയിൽ ആ നേരം ഒരേ ഒരു ചിന്തയേ ഉണ്ടാവൂ. ഇരിക്കാൻ ഒരു സീറ്റ്. അത് പിടിക്കാനുള്ള വെപ്രാളത്തിൽ അവരുടെ ബുദ്ധി ചത്തു കിടക്കും. ആരെങ്കിലും അടിയിൽ പോവാം. നിർജീവ ശരീരമായി മാറാം. അതുകൊണ്ടാണ് ബസ്സ് ഓടിച്ചു മുന്നോട്ട് കയറ്റി നിർത്തുന്നത്. കയറാൻ ഉളളവർ പിറകെ ഓടി വന്നോളും. ബസ്സിൽ കയറുമ്പോൾ എന്തുകൊണ്ട് അച്ചടക്കം പാലിച്ചൂടാ.
പറ്റൂല.
അതൊരു ശീലമായിപ്പോയി കണ്ണാ
Post Your Comments