സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം എഴുകോണിൽവെച്ച് എതിരെ എത്തിയ ആംബുലൻസ് രഞ്ജു വിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.
ആ അപകടത്തെക്കുറിച്ച് താരത്തിന്റെ പ്രതികരണം ”അപകടത്തിന്റെ ഷോക്കിൽ നിന്നും ഞാൻ ഇപ്പോഴും മുക്തയായിട്ടില്ല. കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് വരുന്ന വഴി എഴുകോണിൽവെച്ചാണ് അപകടമുണ്ടായത്. ഒരു വിവാഹചടങ്ങ് കഴിഞ്ഞുവരുന്ന വഴിയായിരുന്നു. എതിരെ പാഞ്ഞെത്തിയ ആംബുലൻസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ നിയന്ത്രണം വിട്ട് എന്റെ വണ്ടിയിൽ വന്നിടിക്കുകയായിരുന്നു. ഇടിക്കുന്നതിന് മുൻപ് ആംബുലൻസ് റോഡിൽ വട്ടംകറങ്ങുന്നുണ്ടായിരുന്നു. അത്രവേഗത്തിലാണ് വന്നത്. എന്റെ വണ്ടി മിതമായി വേഗതയിൽ ഒതുങ്ങിയാണ് വന്നത്.”
ആംബുലൻസില്‍ രോഗിയില്ലായിരുന്നു. എന്നിട്ടും സൈറണിട്ട് അമിതവേഗതയിലാണ് വന്നതെന്നും എയർബാഗും കൃത്യസമയത്ത് പ്രവൃത്തിച്ചതുകൊണ്ട് മാത്രമാണ് പരുക്കേൽക്കാതെ രക്ഷപെട്ടതെന്നും രഞ്ജു പറഞ്ഞു. ഒരു ചെറുപ്പക്കാരനാണ് ആംബുലൻസിന്റെ ഡ്രൈവർ. തെറ്റ് അയാളുടെ ഭാഗത്തായിരുന്നിട്ട് പോലും മര്യാദയില്ലാതെ ഞങ്ങളോട് തട്ടികയറുകയായിരുന്നുവെന്നും താരം പങ്കുവച്ചു.
”ഇത്തരം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുകയാണ് വേണ്ടത്. ഒരു ജീവനുംകൊണ്ട് പായുന്നവയല്ലേ ആംബുലൻസുകൾ. പവർസ്റ്റിയറിങും പവർ ബ്രേക്കുമില്ലാത്ത ചെറിയ വണ്ടികൾക്ക് എന്ത് സുരക്ഷയാണ് നൽകാൻ സാധിക്കുന്നത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചു. അവരുടെ ഭാഗത്ത് നിന്നും നല്ല സമീപനമായിരുന്നു. പരാതി എഴുതി നൽകി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.” – രഞ്ജു പ്രമുഖമാധ്യമത്തോട് പ്രതികരിച്ചു
Post Your Comments