ഈ ക്രിസ്മസ് കാലത്ത് ജനപ്രിയനായകൻ ദിലീപ് സാന്താക്ലോസിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് മൈ സാന്റാ. ചിത്രത്തിൽ ദിലീപിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത് ഒരു ഏഴു വയസ്സുകാരിയാണ്. പേര് ബേബി മാനസ്വി അഥവാ മാനസ്വി കൊട്ടാച്ചി. തമിഴ് സിനിമയിൽ കൊമേഡിയനായ അഭിനയിക്കുന്ന കൊട്ടാച്ചിയുടെ മകളാണ് താരം. നയൻതാരയോടൊപ്പം ഇമൈക്ക നൊടികള്‍, തൃഷയോടൊപ്പം പരമപഥം വിളയാട്ട്, വിജയ് സേതുപതിയോടൊപ്പം മാമനിതൻ, തമിഴ് സൂപ്പര്‍ താരം രജിനി കാന്തിനോടൊപ്പം ദര്‍ബാര്‍ എന്നീ സിനിമകളിൽ അഭിനയിച്ച ശേഷമാണ് മലയാളത്തിൽ ആദ്യമായി മൈ സാന്റായിലൂടെ താരം എത്തുന്നത്.
ക്യൂട്ട് ചിരിയാണ് മാനസ്വിയെ ഏറെ ആകർഷകയാക്കുന്നത്. കാണുന്ന ഏവരോടും കുസൃതിയോടെ പെട്ടെന്ന് ഇണങ്ങുമെന്ന പ്രത്യേകതയാണ് ഫിലിം സെറ്റുകളിലൊക്കെ കുട്ടിതാരത്തെ ഏറെ വേറിട്ടതാക്കുന്നത്. അച്ഛനായ എംഎ കൊട്ടാച്ചി, നാൾ നച്ചിത്തരം എന്ന സിനിമയിലൂടെ തമിഴ് സിനിമാലോകത്തെത്തിയ താരം കാവ്യ തലൈവനിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കടവുളുക്ക് നന്ദ്രി ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മിക്ക ചിത്രങ്ങളിലും കോമഡി താരമായാണ് കൊട്ടാച്ചി തിളങ്ങിയിട്ടുള്ളത്. മകളുടെ ആറാമത്തെ വയസ്സിലാണ് മാനസ്വിയെ കൊട്ടാച്ചി അഭിനയരംഗത്തേക്ക് കൊണ്ടുവന്നത്.
ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിൽ നയൻതാരയുടെ മകളായി എത്തിയ മാനസ്വിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാലിനി വിക്രമാദിത്യൻ എന്ന ശാലുവായുള്ള മാനസ്വിയുടെ അഭിനയം നിരവധി ആരാധകരെ ഈ കുഞ്ഞുതാരത്തിന് നേടിക്കൊടുത്തു. ഇതോടെ തമിഴിൽ ബേബി മാനസ്വി ഫാൻ ഗ്രൂപ്പുകൾ വരെ തുടങ്ങിയിരുന്നു.
തൃഷയോടൊപ്പം പരമപഥം വിളയാട്ട് എന്ന ത്രില്ലർ ചിത്രത്തിലാണ് മാനസ്വി അഭിനയിച്ചത്. ചിത്രത്തിൽ തൃഷയോടൊപ്പം മാനസ്വിയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടുകയുണ്ടായി. മക്കൾ സെൽവൻ വിജയ് സേതുപതിയോടൊപ്പം മാമനിതൻ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ചിത്രം അടുത്ത വർഷം ഇറങ്ങുമെന്നാണ് സൂചന. ചിത്രത്തിൽ നടന്റയെ മകളായാണ് മാനസ്വി എത്തുന്നത്.
പൊങ്കൽ റിലീസായൊരുങ്ങുന്ന തമിഴ് സൂപ്പർ താരം രജിനികാന്തിന്റെ ദര്‍ബാറിലും മാനസ്വി അഭിനയിച്ചിട്ടുണ്ട്. ചിത്രം അടുത്ത വർഷമാണ് പുറത്തിറങ്ങുന്നത്.
മലയാളത്തിൽ ആദ്യമായി ബേബി മാനസ്വി അഭിനയിക്കുന്ന ചിത്രമാണ് ദിലീപ് നായകനാകുന്ന മൈ സാന്റാ. ചിത്രത്തിൽ ഐസ എലിസബത്ത് ജേക്കബ് എന്ന കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. മലയാളികള്‍ക്ക് കുറെ വര്‍ഷത്തിന് ശേഷം ലഭിച്ച മണിമുത്താണ് ബേബി മാനസ്വിയെന്നാണ് ദിലീപ് പറയുന്നത്.
Post Your Comments