പൗരത്വ ഭേദഗതി നിയമത്തിനെതിരെ എങ്ങും പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ്. രാഷ്ട്രീയ- സാംസ്കാരിക മേഖലയിലുള്‍പ്പെടെ നിരവധി പേര് നിയമത്തിനെതിരെ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അനു സിതാര കുറിച്ചതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിലെ വിവാദപരമായ പ്രസ്താവനയുടെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. ട്വിറ്ററിൽ അനു ആൻ എന്ന ഹാൻഡിലിൽ നിന്ന് കുറിച്ചിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയ അനു സിതാരയുടേതെന്ന പേരിൽ തെറ്റി വായിക്കപ്പെടുന്നത്.
നടിയുടെ ചിത്രമാണ് ഹാൻഡിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാലും അനു എന്ന ഹാൻഡിൽ നെയിമുമാണ് സാധാരണക്കാര്‍ക്കിടയിൽ ഇത് തരംഗമായത്. ഇപ്പോഴിതാ ഈ വിഷയത്തിൽ വ്യക്തത നൽകിയിരിക്കുകയാണ് താരം.
അത് തൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ളതല്ലെന്നും കണ്ടാൽ തന്നെ അത് വ്യാജ അക്കൗണ്ടാണെന്ന് മനസിലാകുമല്ലോ എന്നും താരം പറയുന്നു. താനിങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ട്വീറ്റിൻ്റെ സ്ക്രീൻഷോട്ടിന് പിന്നിലെ സത്യാവസ്ഥ ഇതാണെന്നുമാണ് നടി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
നിരവധി പേര് ഇത് തനിക്ക് മെസ്സേജ് അയച്ച് അറിയിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. സിനിമാ ലോകത്ത് നിന്ന് നിരവധി പേരാണ് പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചും പ്രതിഷേധമറിയിച്ചും രംഗത്തെത്തിയിരിക്കുന്നത്. അതിനിടെയാണ് നടിയുടേതെന്ന പേരിൽ ഇത്തരത്തിലൊരു വ്യാജ ട്വീറ്റ് സോഷ്യൽ മീഡിയകളിൽ വൈറലായത്.
Post Your Comments