മാമാങ്കം എന്ന ചത്രത്തിൽ ആരാധകരെ കോരിത്തരിപ്പിച്ച നിമിഷങ്ങളായിരുന്നു ആദ്യ ഭാഗങ്ങളിലെ യുദ്ധരംഗങ്ങൾ. മമ്മൂട്ടിയുടെ അഭ്യാസപ്രകടനവും ചുരിക ചുഴറ്റലുമൊക്കെ ആസ്വദിച്ചാണ് ആരാധകർ കണ്ടത്. അദ്ദേഹത്തിനൊപ്പം ആ യുദ്ധരംഗങ്ങളിൽ തിളങ്ങിയ യുവാവ് ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ മടിയില്‍ കിടന്നു മരണമടഞ്ഞ ചാവേറായ ആ യുവാവ് ആരെന്നായിരുന്നു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ സംശയം. ചാവേറായി മമ്മൂട്ടിയ്ക്കൊപ്പം സംഘട്ടനരംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആ യുവാവ് വിപിന്‍ മംഗലശ്ശേരിയായിരുന്നു.
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ രണ്ടാമത്തെ സിനിമയാണ് മാമാങ്കം. മാമാങ്കം പോലൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് വിപിൻ പറയുന്നു. സംവിധായകൻ പത്മകുമാര്‍ വഴിയാണ് ഈ വലിയ അവസരം വിപിനെ തേടിയെത്തിയത്. സ്റ്റണ്ട് ഡയറക്ടറായ ശ്യാം കൗശല്‍ വഴിയാണ് വിപിന്‍ സംഘട്ടനരംഗത്തിൽ എത്തിപ്പെടുന്നത്. പതിനൊന്നു വര്‍ഷം കരാട്ടെ പഠിച്ചതിനാൽ ഇത്തരം സാഹസികരംഗങ്ങൾ അനായസമായി ചെയ്യാൻ വിപിനു സാധിച്ചു.
മാമാങ്കത്തിനു ശേഷം വീണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് വിപിൻ. മമ്മൂട്ടിയുടെ വണ്‍ എന്ന പുതിയ ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് വിപിൻ അഭിനയിക്കുന്നത്.
Post Your Comments