ദേശീയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന് മമ്മൂട്ടി രംഗത്ത്.തന്റെ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി പ്രതികരിച്ചത്. ജാതി, മതം, വംശം അടക്കമുളള വ്യത്യസ്തകളെ മറികടന്നാല്‍ മാത്രമേ ഒരു രാജ്യം എന്ന നിലയ്ക്ക് മുന്നോട്ട് പോകാനാവൂ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി വ്യക്തമാക്കിയിരിക്കുന്നത്. ആ ഐക്യത്തിന് വിരുദ്ധമായിട്ടുളളതെന്തും എതിര്‍ക്കപ്പെടേണ്ടതാണ് എന്നും മമ്മൂട്ടി വ്യക്തമാക്കി.
ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ യുവതാരങ്ങളെല്ലാം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളളവര്‍ പ്രതികരിക്കാത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്മാന് അടക്കമുളളവര്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ”മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശങ്ങളാണ്. അവയെ തകര്‍ക്കാനുളള ഏതൊരു ശ്രമങ്ങളേയും പ്രതിരോധിക്കണം. എന്നിരുന്നാലും നമ്മുടെ പാരമ്പര്യം അഹിംസയുടേയും അക്രമ രഹിതവുമാണ് എന്നോര്‍ക്കണം. നല്ലൊരു ഇന്ത്യയ്ക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധിക്കൂ” എന്നാണ് ദുല്‍ഖര്‍ സൽമാൻ പ്രതികരിച്ചത്.
”വിപ്ലവം തുടങ്ങുന്നത് എല്ലായ്പ്പോഴും സ്വന്തം മണ്ണില്‍ നിന്നാണ്, ഉണരൂ” എന്ന് പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ സോഷ്യല്‍ മീഡിയയിൽ പ്രതികരിച്ചു. ”ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു – അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കും,ഹാഷ്ടാഗ് ക്യാമ്ബയിനുകള്ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണ്. ! ” എന്നാണ് ടൊവിനോ തോമസിന്റെ പ്രതികരണം.
”പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുളള പ്രതിഷേധമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്താനിരുന്ന വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച പോലീസ് ക്രൂരമായി ആക്രമിച്ചതോടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിലാണോ ഇത്രയും ക്രൂരത. എവിടെ ജനാധിപത്യം എവിടെ അഭിപ്രായ സ്വാതന്ത്രം?” എന്നാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ട്വിറ്ററിലൂടെ ചോദിച്ചത്.
Post Your Comments