ഇന്ന് നാട്ടിൽ നടക്കുന്ന കൊലപാതകങ്ങള്‍ക്കെല്ലാം ഉത്തരവാദിയായി തന്നെ ചൂണ്ടിക്കാണിക്കുന്നതില്‍ കഴമ്പില്ലെന്ന് സംവിധായകന് ജീത്തു ജോസഫ്. തന്റയെ പുതിയ തമിഴ് സിനിമയായ തമ്പി എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കൊപ്പം കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് സംവിധായകന് ഇത്തരത്തില്‍ പ്രതികരിച്ചത്. കൊലപാതകത്തിനിരയായ ആളുടെ മൊബൈല്‍ഫോണ്‍ മറ്റൊരു വാഹനത്തില്‍ ഉപേക്ഷിക്കുന്ന ദൃശ്യത്തിലെ രംഗം അടുത്തിടെ നടന്ന ഉദയംപേരൂര്‍ കൊലപാതകക്കേസില്‍ പോലും പ്രചോദനമായിരുന്നു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യം മലയാളത്തിലിറങ്ങിയപ്പോള് കേരളത്തിലെയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ വടക്കേ ഇന്ത്യയിലെയും എല്ലാ കൊലപാതകങ്ങളുടെയും ഉത്തരവാദി ഞാനായി മാറിയിട്ടുണ്ട്. ദൃശ്യം സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടാണല്ലോ, ഇവിടെ ഇതു മുഴുവന്‍ നടക്കാന്‍ തുടങ്ങിയത്. അതിനു മുമ്പ് ഈ നാട്ടില്‍ കൊലപാതകങ്ങളും ഇല്ലായിരുന്നു. ദൃശ്യത്തിന്റെ ചൈനീസ് പതിപ്പ് ഡിസംബര്‍ 20ന് ലോകമൊട്ടാകെ റിലീസ് ചെയ്യുകയാണ്. ദൃശ്യം എന്നത് നല്ലൊരു പേരായതുകൊണ്ട്, എല്ലാവരും എന്ത് കൊലപാതകസംഭവങ്ങള് വന്നാലും അതിനെ ദൃശ്യം മോഡലെന്നു വിളിക്കുന്നു. ഇത്തരം കൊലപാതകങ്ങളിലെ പിന്നാമ്പുറക്കഥകളിലേക്ക് ആരും ശ്രദ്ധിക്കുന്നില്ല. ഏറ്റവുമൊടുവില്‍ വന്ന ഉദയംപേരൂര്‍ കൊലപാതകത്തില്‍ പോലും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മൊബൈല്‍ഫോണ്‍ ഓടുന്ന ദീര്ഘദൂരവണ്ടിയില് ഉപേക്ഷിക്കുന്ന സംഭവം സിനിമയുടെ സ്വാധീനമാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ദൃശ്യത്തിലെ ആ രംഗത്തിന് എനിക്ക് പ്രചോദനമായത് ഒരു പത്രവാര്‍ത്തയാണ്. അങ്ങനെയെങ്കില്‍ ഞാന്‍ മാത്രമല്ലല്ലോ. നിങ്ങളും ഇതിനൊക്കെ ഉത്തരവാദികളാണ്- ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം സിനിമ ഒരു കൊറിയന്‍ സിനിമയുടെ റീമേക്കാണെന്ന ആരോപണത്തെക്കുറിച്ചും ജീത്തു ജോസഫ് പ്രതികരിച്ചു. കൊറിയന്‍ സിനിമയിലെ രംഗങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. മാത്രമല്ല, കൊറിയന്‍ റീമേക്കാണെങ്കില്‍ ഒരിക്കലും ചൈനയില്‍ ഇത് റീമേക്ക് ചെയ്യുകയില്ലെന്നും പകര്‍പ്പാവകാശം വാങ്ങില്ലായിരുന്നുവെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
Post Your Comments