മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിന് മുംബൈയില്‍ ഫാന്‍ ഷോ ഒരുങ്ങുന്നു. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് മഹാ നഗരത്തില്‍ ഫാന്‍ ഷോ ഒരുങ്ങുന്നത്.
ചിത്രം പ്രദർശനത്തിനെത്തുന്ന ഡിസംബര്‍ 12 ന് വൈകീട്ട് 7 .30 ന് നവി മുംബൈയിലെ വാഷിയിൽ രഘുലീലാ മാള്‍ ഇനോക്സ് തീയേറ്ററിലാണ് മാമാങ്കത്തിന്റെ ഫാന്‍ ഷോ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ ഇരുപതോളം കേന്ദ്രങ്ങളിലായാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്തുനടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം.അവസാനത്തെ ചാവേറും അങ്കത്തട്ടില്‍ മരിച്ചു വീഴുമ്പോൾ ആ വര്‍ഷത്തെ മാമാങ്കമെന്ന ഉല്‍സവം അവസാനിക്കുന്നതായാണ് ചരിത്രം. കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തെ കുറിക്കുന്ന മാമാങ്കം എന്ന ചരിത്ര സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണെന്നും അന്യഭാഷക്കാരെയും ഈ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കണമെന്നും നഗരത്തിലെ കടത്തനാടൻ കൂട്ടായ്മയുടെ സജീവപ്രവർത്തകനും സിനിമാനിർമാതാവും നടനുമായ മനോജ് പറഞ്ഞു.
മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിയുടെ ഭാഗമായി മെഗാ സ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയിരുന്നു.ആരാധകർ വൻ വരവേൽപ്പാണ് അദ്ദേഹത്തിന് നൽകിയത്.
മലയാളം സിനിമ ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഏറ്റു വാങ്ങാനായ് മുംബൈയിൽ എത്തിയ ഉണ്ണി മുകുന്ദൻ തന്റെ മാമാങ്ക വിശേഷങ്ങള്‍ പങ്കു വച്ചിരുന്നു.
ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നു. ആവേശത്തോടെയാണ് മുംബൈയിലെ മലയാളികള്‍ ഉണ്ണിമുകുന്ദന്റെ വാക്കുകൾ സ്വീകരിച്ചത്. മുംബൈ മലയാളിയായ സുദേവ് നായരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Post Your Comments