ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ നാല് യുവാക്കളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത് തന്നെയാണ് യഥാര്‍ത്ഥ ശിക്ഷാ നടപടിയെന്ന് ഒരു കൂട്ടം വാദിക്കുമ്പോള്‍ വ്യക്തമായ ഭരണഘടനും നീതിന്യായ വ്യവസ്ഥയുമുള്ള നാട്ടില്‍ നിയമം കയ്യിലെടുക്കുന്നത് തെറ്റാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
തെലങ്കാന പോലീസ് നടപടിയില്‍ കയ്യടിക്കുന്നവരില്‍ മലയാളി സിനിമാ താരങ്ങളുമുണ്ട്. നീതി നടപ്പാക്കപ്പെട്ടുവെന്നാണ് നടന് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി. അദ്ദേഹം തന്നെ അഭിനയിച്ച ‘മായാനദി’, ‘ഒരു കുപ്രസിദ്ധ പയ്യന്’ എന്നീ സിനിമകളിലെ ‘മാത്തന്’, ‘അജയന്’ എന്നീ കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
മായനദിയിലെ മാത്തന് ടൊവിനോയുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഒരു വ്യാജ ഏറ്റുമുട്ടലില്‍ ആ കഥാപാത്രത്തെ പോലീസ് കൊലപ്പെടുത്തുകയാണ്. കുപ്രസിദ്ധ പയ്യനിലെ അജയനും പോലീസിന്റെ വേട്ടയ്ക്ക് ഇരയാകുന്ന കഥാപാത്രമാണ്. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരത്തില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും പറയുന്നത്. അതേസമയം ടൊവിനോയെ അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments