
മലയാളത്തിലെ യുവ നടന് ഷെയിന്‍ നിഗത്തെ അഭിനയത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി എകെ ബാലന്. ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും പറഞ്ഞു അദ്ദേഹം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു
‘അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്റെയും ഭാഗം കേട്ട ശേഷം പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ഇതിന് അഭിനേതാക്കളുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും മുന്‍കയ്യെടുക്കണം. പരാതി ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടും.’ മന്ത്രി പറഞ്ഞു.
‘ഷൂട്ടിംഗ് സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്ന പ്രശ്നം പൊതുസമൂഹത്തിന് മുന്നില്‍ ഉന്നയിക്കപ്പെട്ടുകഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ കര്‍ശനമായി അതിനെ നേരിടും. സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയിട്ടുള്ളത് എന്നിനാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൂടി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണ്. നിര്‍മ്മാതാക്കള്‍ പറഞ്ഞത് അനുസരിച്ച് ക്രിമിനല്‍ കുറ്റമാണ് ഷൂട്ടിംഗ് സെറ്റുകളില്‍ നടക്കുതെന്നാണ് മനസിലാക്കുന്നത്. ഇത് തുടര്‍ന്നുപോകുന്നത് ഈ വ്യവസായത്തെ തന്നെ തകര്‍ക്കും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരമൊരു പ്രവണത ഇല്ലാതാക്കന്‍ സിനിമാ മേഖലയിലെ എല്ലാവരുടെയും സഹകരണം സര്‍ക്കാര്‍ ആവശ്യപ്പെടുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്നും പോലീസ് പരിശോധന ആവശ്യമാണെന്നുംപറഞ്ഞിരിക്കുകയാണ്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. ഒരു തര്‍ക്കം വന്നപ്പോഴാണ് നിര്‍മ്മാതാക്കള്‍ ഇത് പറഞ്ഞത് എന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.’ അദ്ദേഹം അഭിപ്രായപ്പെട്ടു
Post Your Comments