
‘കൈതി’ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം, വിജയ് 64ലിന്റെ(താൽകാലിക പേര്) ചിത്രീകരണം പുരോഗമിക്കുകയാണ്. ഇളയദളപതി വിജയ് നായകനാകുന്ന ചിത്രത്തിന്റെ വില്ലനായി എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. നിലവിൽ, ചിത്രത്തിന്റെ ഷൂട്ടിംഗ് ഡൽഹിയിലാണ് പുരോഗമിക്കുന്നത്. ഡൽഹിയിലെ കോളേജുകളിൽ ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. കർണാടകയിലെ, ഷിമോഗ നഗരത്തിലെ യഥാർത്ഥ ജയിലിലാണ് ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ. മുഖ്യമായ ഈ ആക്ഷൻ രംഗങ്ങളിൽ പങ്കെടുക്കാൻ, ചിത്രത്തിലഭിനയിക്കുന്ന മലയാളത്തിന്റെ ആന്റണി വർഗീസ് പെപ്പെയും കൂടിയുണ്ടെന്നാണ് റിപ്പോർട്ട്.
എക്സ് ബി ക്രീയേറ്റേഴ്സ് ബാന്നറിൽ നിർമിക്കുന്ന ചിത്രത്തിനു സംഗീതമൊരുക്കുന്നത്, അനിരുദ്ധ് രവിചന്ദറാണ്. മാളവിക മോഹനൻ, ആൻഡ്രിയ ജെറെമിയ, ശാന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ മുതലായവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഇന്ത്യൻ ആക്ഷൻ സിനിമ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം, 2020 ഏപ്രിലിൽ തീയേറ്ററുകളിലെത്തും.
Post Your Comments