മോളിവുഡിൽ കുരിക്കഴിയാതെ തുടരുന്ന ഷെയ്ന്‍ നിഗവും വെയില്‍ അണിയറക്കാരും തമ്മിലുളള പ്രശ്‌നത്തില്‍ നടപടികള്‍ എടുക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്ന് മണിക്ക് കൊച്ചിയില്‍ വെച്ചാണ് യോഗം. സംവിധായകൻ തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയതിനാലാണ് സെറ്റ് വിട്ട് പോയതെന്ന് നേരത്തെ, ഷെയിൻ അറിയിച്ചിരുന്നു.
രണ്ടു ദിവസങ്ങളായി നേരെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല, കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. 15 ദിവസം ഷൂട്ടിംഗിന് മതിയാവുമെന്ന് പറഞ്ഞവർ പിന്നീടത് 24 ദിവസമാക്കി മാറ്റിയതിന്റെ കാരണവും തനിക്കറിയില്ല. അഞ്ചു ദിവസത്തെ, ഷൂട്ടിങ് പൂർത്തിയായ ശേഷമാണ് ഇത്തരത്തിൽ ചിത്രീകരണ ദിവസങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും ഷെയിൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം പ്രതിഷേധാർഹമായി തല മുടിയും താടിയും വ്യത്യസ്തമായ രീതിയിൽ ഷൗരം ചെയ്ത് പുതിയ ലൂക്കിലെത്തിയ ഷെയിൻ, പ്രശ്നം കൂടുതൽ വഷളാക്കിയിരുന്നു. വെയിൽ സിനിമ നിർമാതാവ് ജോബി ജോര്‍ജ്ജുമായുളള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച സമയത്ത് ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസഘടന അമ്മയും നടനെ അറിയിച്ചിരുന്നു.
എന്നാൽ, ഷെയിൻ ഇത് ലംഘിക്കുകയായിരുന്നു. നിലവില്‍ ഷൂട്ടിംഗ് തുടരുന്ന സിനിമകള്‍ ഷെയ്ന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ സിനിമകളില്‍ നിന്നും താരത്തെ, മാറ്റിനിര്‍ത്തിയേക്കുമെന്നും നേരത്തെ കൂടിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു.
ഒത്തുതീര്‍പ്പ് കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് താരത്തിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. ഇതു സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിന് ശേഷം സംഘടന ഭാരവാഹികള്‍ താരസംഘടനയായ അമ്മയെ അറിയിക്കും.
Post Your Comments