കുമ്പളങ്ങി നൈറ്റ്സിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും അന്നയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ചിത്രം റിലീസിനെത്തിയത്. ഇപ്പോഴിതാ ഹെലന്റെ ഷൂട്ടിങിനിടെ അന്ന സഹിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംവിധായകന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.
‘ഫ്രീസറിനുള്ളില്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. കൂടുതല്‍ കേസുകളിലും അതിനുള്ളില്പെടുന്നവര് മരിച്ച് പോകും. അപൂര്‍വ്വം കേസുകളിലെ ആ തണുപ്പിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുള്ളു. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമുള്ള കോള്‍ഡ് സ്റ്റോറേജുകളൊക്കെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്ന് ലഭിച്ച കഥകളും അനുഭവങ്ങളും സിനിമയെ സഹായിച്ചിട്ടുണ്ട്. അതിജീവിച്ചവര്‍ പറയുന്നത് അവര്‍ തുടര്‍ച്ചയായി ചലിച്ച് കൊണ്ട് ശരീരോഷ്മാവ് നിലനിര്‍ത്താന്‍ ശ്രമിച്ചു എന്നാണ്. അത്തരം കാര്യങ്ങള്‍ സിനിമയുടെ എഴുത്തില്‍ ഗുണം ചെയ്തു.
കത്രിക്കടവിലെ ഒരു ഫ്ളോറിലാണ് കോള്‍ഡ് സ്റ്റേറേജ് സെറ്റ് ചെയ്തത്. രണ്ടാഴ്ചയോളം അവിടെ ഷൂട്ട് നടന്നു. ഇത്തരമൊരു പരിപാടി വേറെ ആരും ഇവിടെ ചെയ്തിട്ടില്ല. അത് കൊണ്ട് ഇത് ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത്യാവശ്യം സുരക്ഷ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇടയ്ക്കിടെ ചൂടുള്ളത് എന്തെങ്കിലും അന്നയ്ക്ക് കഴിക്കാനും കുടിയ്ക്കാനും നല്കി കൊണ്ടിരുന്നു. ഫ്രീസറിന് പുറത്തും താപനില ക്രമീകരിച്ച് കൊണ്ടായിരുന്നു ഫ്ളോര്‍ ഒരുക്കിയത്’.
ഷൂട്ടിങ് ഇടവേളകളില്‍ പുറത്ത് വരുമ്പോള്‍ പുറത്തെ താപനിലയില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. ക്യാമറയ്ക്കും മറ്റ് ഉപകരണങ്ങള്‍ക്കും താപനിലയിലെ വ്യതിയാനം പ്രശ്നമാണ്. ലെന്‍സില്‍ ഫോഗ് കയറും അത് കൊണ്ട് മൊത്തം ഫ്ളോറിലെ താപനില ക്രമീകരിച്ചിരുന്നു. ഫ്രീസറിലെ ഷൂട്ട് ഏറ്റവും ബുദ്ധിമുട്ടിച്ചത് അന്നയെ ആണ്. പക്ഷേ അന്നയ്ക്ക് ഷൂട്ടിന്റെ ഇടവേളയില്‍ മാത്രമേ അത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളു മാത്തുക്കുട്ടി സേവ്യര്‍ പറഞ്ഞു.
Post Your Comments