നിര്‍മ്മാതാവുമായുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച യുവനടന് ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. വെയില് സിനിമയുടെ ചിത്രീകരണത്തിന് ഷെയിന്‍ എത്താത്തതിന്റെ പേരില്‍ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പുതിയ സിനിമകളില്‍ ഷെയിനിനെ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, താരസംഘടനയായ അമ്മയെ അറിയിച്ചു.
ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള തര്‍ക്കം, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ നേരത്തെ പരിഹരിച്ചിരുന്നു. എന്നാല്‍ ഷെയിന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്നും ലൊക്കേഷനില്‍ എത്താത്തത് കൊണ്ട് വെയില് സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വക്താക്കള്‍ അറിയിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
വെയില് സിനിമയുടെ ലൊക്കേഷനിലെത്തിയ ഷെയിന്‍ കുറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് പുറത്തു പോയെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ ഷൂട്ടിങ്ങിനായി ഷെയിനിനെ അന്വേഷിച്ച സംവിധായകന് ശരതിന് താരം അയച്ചു നല്കിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്.
ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെയെന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ, അപ്പോള്‍ അനുഭവിച്ചോളുമെന്നും ഷെയിന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
Post Your Comments