കഴിഞ്ഞ വര്‍ഷമാണ് സൂപ്പര്‍ഹിറ്റ് സംവിധായകനും ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷന്‍ കാന്‍സര്‍ബാധിതനായത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ പോരാട്ട ജീവിതത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ്.
വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാത്ത ഒരു കുരു വായില്‍ വന്നതോടെയാണ് തന്റെ കാന്‍സര്‍ പോരാട്ടം തുടങ്ങുന്നത് തുടര്‍ന്ന് ഹിന്ദുജ ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജനാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. നാക്ക് മുറിച്ച് മാറ്റേണ്ടി വരുമോയെന്ന ആശങ്കയായിരുന്നു ആ സമയത്ത് തന്നെ അലട്ടിയിരുന്നത്.
എന്റെ നാക്ക് മുറിച്ച് കളയുകയോ ഒട്ടിക്കുകയോ വേണ്ടി വരുമെന്നറിഞ്ഞപ്പോഴായിരുന്നു തനിക്ക് ഭയം തോന്നിയത്. അങ്ങനെ ചെയ്യാനാവില്ലെന്ന് അപ്പോള്‍ തന്നെ തീര്‍ത്ത് പറഞ്ഞിരുന്നു. കാന്‍സര്‍ വരാവുന്ന മോശം സ്ഥലങ്ങളിലൊന്നാണ് നാവ്. നാവിനാണ് അസുഖം ബാധിച്ചതെങ്കില്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ സ്വാദ് പോലും തിരിച്ചറിയാനാവില്ല.
മൂന്ന് മാസങ്ങളോളാണ് താന്‍ അത്തരമൊരു അവസ്ഥയെ അതിജീവിച്ചതെന്ന് രാകേഷ് റോഷന്‍ പറയുന്നു. 10 കിലോ ഭാരമാണ് ആ സമയത്ത് കുറഞ്ഞത്. 3 കിലോ ഇപ്പോള്‍ തിരിച്ചുപിടിച്ചു. ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിനെ തുടര്‍ന്ന് തളര്‍ന്ന തന്റെ അവസ്ഥ ഇപ്പോള്‍ ഭേദപ്പെട്ട് വരികയാണ്. ദിവസത്തില്‍ ഒന്നര മണിക്കൂര്‍ ഇപ്പോള്‍ ചെലവഴിക്കുന്നത് ജിമ്മിലാണ്. ഇതിനായി പേഴ്‌സണല്‍ ട്രെയിനര്‍ വീട്ടിലേക്ക് വരുന്നുണ്ട്.
താന്‍ അസുഖബാധിതനായിരുന്ന സമയത്ത് വീട്ടിലുള്ളവരുടെ കാര്യവും മോശമായിരുന്നു. ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മകളായ സുനൈനയ്ക്കും അസുഖം ബാധിച്ചിരുന്നു. ആ സമയത്താണ് ഹൃത്വിക്കിന് ബ്രെയിന്‍ സര്‍ജറി നടത്തിയത്. ആരോടും പരാതി പറയാതെ ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറയുന്നു.
Post Your Comments