മലയാള സിനിമ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ചിത്രമാണ് ‘നാടോടിക്കാറ്റ്’. സിദ്ധിഖ്-ലാലിന്റെ കഥയിൽ ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്. ഈ സിനിമയെകുറിച്ച് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് നിരവധി പേരാണ് പങ്കിട്ടിരിക്കുന്നത്. വെറുമൊരു കോമഡി സിനിമ എന്നതിനപ്പുറം നാടോടിക്കാറ്റിനെ ജീവിതഗന്ധിയാക്കുന്ന
മനോഹരമാക്കുന്ന ഘടകം എന്ത് എന്നതാണ് ഈ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
കുറിപ്പിന്റയെ പൂർണരൂപം…………………..
“നിന്റെ കാര്യമൊക്കെ എങ്ങനാ…കയറ്റം കിട്ട്വോ”??
“ആ ജോലി പോയമ്മേ”
“അതിശയല്ല്യാ..നിനക്കിപ്പോ ശനിദശയാ..കാവില് വെളിച്ചെണ്ണ നേർന്നിട്ട് അത് കൂടി കത്തിക്കാൻ കഴിഞ്ഞില്ല്യല്ലോ”
“ഒക്കെ ശരിയാവും അമ്മേ..വെറുതെ പറയല്ല..നമ്മുടെ എല്ലാ ദുരിതവും തീരും..ഞാനിപ്പോ വന്നത് യാത്ര ചോദിക്കാനാ”
Loading…
“എങ്ങോട്ട്”?
“എങ്ങോട്ടെങ്കിലും പോണം.നാട്ടില് നിന്നിട്ട് കാര്യല്ല്യാ”
“അത് വേണോ കുട്ടീ”?
“എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ പറ്റൂ അമ്മേ”
“എന്നാലും ഇടക്കൊക്കെ നിന്നെയൊന്ന് കാണാൻ പറ്റിയില്ലേൽ എനിക്കൊരു മനസ്സമാധാനവും ഇല്ല്യ കുട്ടീ”
“അമ്മയിത് വച്ചോ”(പണം നിർബന്ധിച്ച് കൊടുക്കുന്നു)
“എനിക്കിപ്പോ ഒന്നും വേണ്ട”
“കാശുണ്ടമ്മേ..എനിക്ക്,കുറച്ച് കാര്യങ്ങൾ കൂടി ശരിപ്പെടുത്താനുണ്ട്..കൂടുതൽ സമയം നിൽക്കുന്നില്ല..ഞാൻ വിശദമായിട്ടെഴുതാം”
“അപ്പോ,നീ പോവാണോ”?
“അതേ”
“നീ വല്ലോം കഴിച്ചോ”?
“വേണ്ടമ്മേ”
“അവര് അടുക്കള പൂട്ടിയിട്ടില്ല..ഞാൻ എന്തെങ്കിലും ഉണ്ടാക്കി തരാം”
“അത് കൊണ്ടല്ലമ്മേ..ഞാൻ ചെന്നിട്ട് വിശദമായി എഴുതാം”
കുറച്ച് സീനുകളിൽ മാത്രമേ വന്നു പോയുള്ളുവെങ്കിലും അമ്മ മകൻ ബന്ധത്തിന്റെ ആഴവും പരപ്പും അത്രമേൽ അനുഭവവേദ്യമാക്കിയ ഒരു സീൻ..സിനിമയുടെ മൂലകഥക്കൊപ്പം സമാന്തരമായി സഞ്ചരിക്കുന്ന ഒന്നല്ല ഈ അമ്മ-മകൻ ബന്ധം..എന്നിട്ടും അതിനെ തിരക്കഥയിൽ ഫലപ്രദമായി സമന്വയിപ്പിക്കാൻ സാധിച്ചുവെന്നത് അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയുന്നുള്ളൂ..വെറുമൊരു കോമഡി സിനിമ എന്നതിനപ്പുറം നാടോടിക്കാറ്റിനെ ജീവിതഗന്ധിയാക്കുന്നതും മനോഹരമാക്കുന്നതും ഇത്തരം മുഹൂർത്തങ്ങൾ കൂടിയാണ്..അത്രമേൽ പ്രിയപ്പെട്ട ഒന്ന്.
Post Your Comments