ഹാസ്യ വേഷങ്ങളിലൂടെ എന്നും ആരാധകരെ ചിരിപ്പിക്കുന്ന കലാകാരനാണ് അസീസ്. തന്റെ സിനിമാ ജീവിതത്തില്‍ യാത്രയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മരിക്കുന്നിടം വരെ മറക്കാനാവില്ല എന്നു പറയുന്നപോലെ ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നു അസീസ് തുറന്നു പറയുന്നു. സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
” ഞാൻ തിരുവനന്തപുരം മണക്കാട്–പള്ളിതെരുവ് എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. അവിടെ കല്ലാട്ട്മുക്ക് എന്നൊരു സ്ഥലമുണ്ട്, കമ്മീഷണർ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. അവിടെ ഒരു ഡോക്ടറുടെ വീട്ടിലായിരുന്നു. ചിത്രചേച്ചിയുടെ വീട്ടിലേക്ക് സുരേഷ്ഗോപി എത്തുന്ന സീൻ ആയിരുന്നു.
ഷൂട്ട് നടക്കുന്ന സമയത്ത് ഭയങ്കര ജനമായിരുന്നു. ഞാന്‍ രാവിലെ മുതൽ അവിടുത്തെ മതിലിന്റെ മുകളിൽ നിൽക്കുകയായിരുന്നു. മതിലിന്റെ മുകളിൽ കയറാതിരിക്കുവാനായി കമ്പി വച്ചിട്ടുണ്ട്. ശൂലം പോലെയുള്ള കമ്പിയായിരുന്നു. രാവിലെ മുതൽ ഉച്ചവരെ ഞാൻ കാത്തിരുന്നു. ഉച്ച ആയപ്പോൾ ഷൂട്ടിന്റെ ബ്രേക്ക് സമയത്ത് സുരേഷേട്ടൻ (സുരേഷ് ഗോപി) പുറത്തേക്കിറങ്ങി. ഞാൻ ശബ്ദമുയർത്തി മിസ്റ്റർ സുരേഷ്ഗോപി എന്നു നീട്ടിവിളിച്ചു. സുരേഷേട്ടൻ തിരിഞ്ഞു നോക്കി. അപ്പോഴേക്കും എന്റെ പുറകിൽ നിൽക്കുന്നവരെല്ലാം എന്നെ മുന്നിലേക്ക് തള്ളി, തിരക്ക് കൂടി, മതിലിലെ കമ്പിയിൽ കൊണ്ട് എന്റെ കൈ ഒരുപാട് മുറിഞ്ഞു. അന്ന് ഞാൻ കുട്ടിയായിരുന്നു. ഇത്തിരി വേദനിച്ചാലും സിനിമാനടനെ കണ്ട സന്തോഷമായിരുന്നു അന്നെനിക്ക്.
വർഷങ്ങൾ കടന്നു, സുരേഷേട്ടനും സുരാജേട്ടനും നയിക്കുന്ന അമേരിക്കൻ ഷോയ്ക്ക് ഞാനും പങ്കെടുക്കുന്നുണ്ടായിരുന്നു. എന്റെ ആദ്യ അമേരിക്കൻ ഷോ ആയിരുന്നത്. ഒരു നോക്കു കാണാൻ കൊതിച്ച ആളിനൊപ്പം അടുത്തിരുന്ന് യാത്ര ചെയ്യാൻ സാധിച്ചു. സുരേഷേട്ടനൊപ്പമായിരുന്നു എന്റെ യാത്ര. ന്യൂയോർക്കിൽ നിന്നു ഹൂസ്റ്റണിലേക്കുള്ള യാത്രാവേളയിൽ വിമാനത്തിലിരുന്ന് സുരേഷേട്ടനോട് ഇൗ കഥ പറഞ്ഞു. സുരേഷേട്ടനെ ആദ്യമായി കാണാനെത്തിയപ്പോഴുണ്ടായതൊക്കെയും പറഞ്ഞു. സത്യത്തിൽ സുരേഷേട്ടന്റെ കണ്ണുനിറയുന്നത് ഞാൻ കണ്ടു. അന്നുണ്ടായ എന്റെ കൈയിലെ മുറിവിന്റെ പാടുകൾ ഇന്നുമുണ്ട്. എന്റെ കൈ പിടിച്ച് സുരേഷേട്ടൻ പറഞ്ഞു ഇപ്പോൾ നിനക്ക് ഉറപ്പായോടാ ദൈവം ഉണ്ടെന്ന്, ദൈവം എന്നൊരു വ്യക്തിയുണ്ട് അതാണ് ഇപ്പോൾ നീ എന്റെ അടുത്തിരിക്കുന്നത്. അതുകൊണ്ടാണ് എന്റെ സഹപ്രവർത്തകനായി ഒരുമിച്ച് പരിപാടികളു ചെയ്യുന്നത്. സുരേഷേട്ടന്റെ ആ വാക്കുകള്‍ കേട്ട് എന്റെയും മനസ്സ് വല്ലാതെയായി, ഒരുപാട് സന്തോഷവും അതിലേറെ സ്നേഹവും തോന്നി. യാത്രാവേളയിൽ സുരേഷേട്ടനോട് ഇക്കാര്യം പറയാൻ സാധിച്ച എന്റെ ആദ്യ അമേരിക്കൻ യാത്ര ഒരിക്കലും മറക്കാനാവില്ല. എന്റെ ജീവിതത്തിലെ മധുരം നിറഞ്ഞ ഒാർമകളിലൊന്നാണ് ആ യാത്ര.” അസീസ് മനോരയ്ക്ക് നല്‍കിയ അഭിനയത്തില്‍ പറയുന്നു.
Post Your Comments