അപൂര്‍വമായാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു പാടാനെത്തുന്ന വേദികൾ ഉണ്ടാകുന്നത്. ഇപ്പോഴിതാ സിങ്കപ്പൂരില്‍ അടുത്തിടെ സംഘടിപ്പിച്ച ‘വോയ്സ് ഓഫ് ലിഗന്റ്സ്’ എന്ന സംഗീത പരിപാടിയിലായിരുന്നു ഇരുവരുടെയും അപൂര്‍വസംഗമം. പാട്ടിനിടയില്‍ എസ് പി ബിയുമായുള്ള ബന്ധത്തെ കുറിച്ചും യേശുദാസ് സംസാരിച്ചു. ഒരിക്കല്‍ പാരീസില്‍ വച്ചുണ്ടായ അനുഭവമാണ് ഗാനഗന്ധര്വന് തുറന്നു പറഞ്ഞത്.
യേശുദാസിന്റെ വാക്കുകള്‍
‘എനിക്ക് ബാലുവെന്നാല്‍ സ്വന്തം സഹോദരനെപ്പോലെയാണ്. ഇതിപ്പോള്‍ ഇവിടെ പറയാതെ ഇരിക്കാനാവില്ല. പാരീസില്‍ ഒരു പരിപാടി കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തിയതായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ കഴിക്കാന്‍ ഒന്നുമില്ല. അപ്പോള്‍ ഒരാള്‍ മുറിയിലേക്ക് വരുന്നു. റൂം സര്‍വീസ് എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ വാതിലില്‍ തട്ടി. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഈ അനുജനാണ്. കൈയില്‍ സാദം(തമിഴ്നാട്ടിലെ ഒരു വിഭവം). പുറത്തു പരിപാടികള്‍ക്ക് പോകുമ്പോഴെല്ലാം ഇയാള്‍ അരി കൈയില്‍ കരുതാറുണ്ട്. അന്നും കരുതിയിരുന്നു. കൊണ്ടു വന്ന അരിയും ചട്ണിപ്പൊടിയും എല്ലാം ചേര്‍ത്ത് സ്വന്തം റൂമില്‍ വച്ച് പാകം ചെയ്ത് എനിക്ക് കൊണ്ടു വന്നു തന്നതാണ്. എന്തൊരു സ്വാദായിരുന്നു! കടുത്ത വിശപ്പ് അനുഭവപ്പെട്ട സമയത്ത് എന്റെ മൂന്നു സഹോദരന്മാരാരും വന്നില്ല. ഇദ്ദേഹമാണ് വന്നത്. അത് മറക്കാനാകില്ലെനിക്ക്. ഇത്രമേല്‍ പവിത്രമായ ബന്ധം സമ്മാനിച്ച സംഗീതത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.’ യേശുദാസ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ എസ് പി ബിയും അദ്ദേഹത്തിനൊപ്പം കൈകള്‍ കൂപ്പി താണു വണങ്ങി.
Post Your Comments