ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരും സ്ക്രീനിനു പുറത്തു മാത്രമല്ല ഹീറോയാകുന്നത്. ദിലീഷ് പോത്തനും, ലിജോ ജോസ് പെല്ലിശേരിയും ഉള്‍പ്പടെയുള്ള നവതരംഗ സിനിമാ സംവിധായകര്‍ നടനെന്ന രീതിയിലും ശ്രദ്ധേയരാണ്. മലയാള സാഹിത്യത്തിന്റെയും, സിനിമയുടെയും അത്ഭുതമായി മാറിയ പി പത്മരാജനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിക്കാനുള്ള ഒരു ഓഫര്‍ വന്നിരുന്നു. അതും മോഹന്‍ലാലിന്റെ വില്ലനായി. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യാനിരുന്ന സിനിമയിലായിരുന്നു മോഹന്‍ലാലിന്റെ എതിരാളിയായി പത്മരാജന് അഭിനയിക്കാനിരുന്നത്. നായക കഥാപാത്രം പോലെ വില്ലന്‍ കഥാപാത്രത്തിനും ആഴമുള്ള ചിത്രത്തില്‍ വേറിട്ട ഒരു അഭിനയ മുഖം സ്ക്രീനിലെത്തണമെന്നായിരുന്നു ഡെന്നിസ് ജോസഫിന്റെ ആഗ്രഹം.
പത്മരാജന്റെ സിനിമകള്‍ കണ്ടു സിനിമയിലേക്ക് വരണമെന്ന് ആഗ്രഹം തോന്നിയ ഡെന്നിസ് ജോസഫിന് തന്റെ ആരാധ്യ പുരുഷനെ തന്റെ സിനിമയില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ അടയാളപ്പെടുത്തണമെന്നത് വലിയ മോഹമായിരുന്നു. സംവിധായകാനെന്ന നിലയില്‍ താന്‍ ഒരു പ്രോജക്റ്റ് ആലോചിക്കുകയും സംഗീത പ്രാധാന്യമുള്ള ഒരു വിഷയം മനസ്സില്‍ വരികയും ചെയ്തപ്പോള്‍ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു വില്ലന്‍ കഥാപാത്രത്തെ പത്മരാജനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുക എന്നതായിരുന്നു ഡെന്നിസ് ജോസഫ് എന്ന ഹിറ്റ് തിരക്കഥാകൃത്തിന്റെ സ്വപ്നം. മോഹന്‍ലാലിനൊപ്പം നെടുമുടിയും ലീഡ് റോള്‍ അഭിനയിക്കേണ്ടിയിരുന്ന ചിത്രം നിര്‍ഭാഗ്യവശാല്‍ നടക്കാതെ പോകുകയിരുന്നു. ഒരു സിനിമയിലെ മുഴുനീള വില്ലന്‍ വേഷം അഭിനയിച്ചു ഫലിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണെന്നും അതോര്‍ത്ത് തന്റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നുമായിരുന്നു പത്മരാജന് അതിനെക്കുറിച്ച് മറുപടി നല്‍കിയത്.
Post Your Comments